ദുബായ് : ഇന്ത്യയില്‍ ഹൃദയമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായ യു.എ.ഇ പൗരന്‍മാരായ രണ്ട് ടീനേജ് യുവാക്കള്‍ക്ക് പുതിയ ജീവിതം. തന്റെ മക്കള്‍ക്ക് ഹൃദയങ്ങളല്ല പുതിയ ജീവിതമാണ് ഡോക്ടര്‍മാര്‍ നല്‍കിയതെന്ന് പിതാവ് ഖമീസ് അല്‍ യിഹായ് പറഞ്ഞു. ബുര്‍ജീല്‍ ആശുപത്രിയിലെ ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റേഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ എട്ട് കുട്ടികള്‍ക്കും ഹൃദയസംബന്ധമായ അസുഖം ഉണ്ടെന്നും ഈ ഹൃദയകൈമാറ്റ ശസ്ത്രക്രിയ വിജയം അവര്‍ക്കും പ്രത്യാശയുളവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരവസരത്തില്‍ എനിയ്ക്ക് എന്റെ മക്കളെ നഷ്ടമാകുമെന്ന ഘട്ടം വരെയെത്തി. എന്നാല്‍ ഇത് അവര്‍ക്ക് രണ്ടാം ജന്മമാണ്. അവര്‍ക്ക് രണ്ടാമത് ജീവിയ്ക്കാന്‍ അവസരം ഒരുങ്ങി.
നിങ്ങളുടെ മകന് ഇനി രണ്ട് മാസം കൂടിയേ ഉള്ളൂവെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയതാണ്. അതോടെ എല്ലാം നഷ്ടപ്പെട്ടു എന്നു കരുതി. എന്നാല്‍ എനിയ്ക്ക് ഇപ്പോള്‍ വിശ്വസിയ്ക്കാനാകുന്നില്ല. അവര്‍ ഇന്നും ജീവിച്ചിരിയ്ക്കുന്നു.
എന്റെ ആറ് പെണ്‍കുട്ടികള്‍ക്കും ഹൃദയത്തെ ബാധിയ്ക്കുന്ന കാര്‍ഡിയോമോപീഡിയല്‍ എന്ന അസുഖമാണ്. എന്നാല്‍ തന്റെ ഈ രണ്ട് ആണ്‍മക്കളുടെ കാര്യം വളരെ ഗുരുതരമായിരുന്നു.
19 വയസുള്ള ഹാമും 17 കാരനായ മുഹമ്മദ് സുല്‍ത്താനും ചെന്നൈയിലെ ഗ്ലോബല്‍ ഹെല്‍ത്ത് സിറ്റി ആശുപത്രിയിലാണ് ഹൃദയകൈമാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടത്താനായി പല രാജ്യങ്ങളിലായി പോയെങ്കിലും അവസാനം ഇവിടെ കൈവിട്ടില്ല. കാര്‍ഡിയാക് സര്‍ജറി തലവന്‍ ഡോ.സന്ദീപിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് പിതാവ് ഖമീസ് അല്‍ യിഹായ് പറഞ്ഞു.
ഓരോ സര്‍ജറിയ്ക്കും അഞ്ച് മണിക്കൂര്‍ വീതമാണ് എടുത്തത്. 30 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് തങ്ങള്‍ക്ക് സ്വദേശത്തേയ്ക്ക് തിരിച്ചെത്താനായത്. ഞാനിപ്പോള്‍ സന്തോഷവാനാണ്. തന്റെ കണ്ണുകള്‍ തുടച്ച് അദ്ദേഹം പറഞ്ഞ് നിര്‍ത്തി .
Post Your Comments