Latest NewsLiterature

മലയാളത്തിന്‍റെ പ്രിയ സഞ്ചാരി വിട പറഞ്ഞിട്ട് 35 വര്‍ഷം

ലോകത്തിന് ദേശത്തിന്റെ കഥ പകർന്നു നൽകിയ വിശ്വ സഞ്ചാരി യാത്രയായിട്ട് ഇന്ന് 35 വർഷം. എസ്.കെയെന്ന രണ്ടക്ഷരങ്ങളില്‍ ഒതുങ്ങി നിന്ന്​ ലോകം മുഴുവന്‍ സഞ്ചരിച്ച ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട് തന്നോടൊപ്പം വായനക്കാരെയും ലോകത്തി​ലെ വിവിധ വഴികളിലൂടെ കൈപിടിച്ച്‌​ നടത്തിച്ചു. ഗ്രാമത്തി​​​​ന്റെ പച്ചയായ ജീവിതങ്ങളായിരുന്നു എസ്.കെയുടെ എഴുത്തുകള്‍. താന്‍ കണ്ട മനുഷ്യരുടെ കഥകള്‍, തനിക്ക്​ നേരിട്ടറിയാവുന്ന ജീവിതം, താനറിഞ്ഞ മനുഷ്യര്‍,‍ അനുഭവങ്ങള്‍ അവയെല്ലാം വായനക്കാരനും പകര്‍ന്നു നല്‍കി. എസ്​.കെയുടെ ഓരോ യാത്രയും വായനക്കാര​​​ന്റെ അനുഭവമായി പുനരവതരിച്ചു. അവ പിന്നീട് വായനക്കാര​​​​ന്റെ ലഹരിയായി.

18ഒാളം യാത്ര വിവരണങ്ങളിലൂടെ എസ്​.കെ മലയാളിയെ ഒാരോ വന്‍കരകളിലുടെയും നടത്തിച്ചു. ഒരു കാല ഘട്ടത്തിലെ മലയാളികൾ ലോകം കണ്ടത് എസ്കെ വാക്കുകളിലൂടെയായിരുന്നു. സഞ്ചാര സാഹിത്യത്തിന് വേറിട്ട മുഖം സമ്മാനിക്കാൻ എസ്കെ പൊറ്റക്കാടിന് സാധിച്ചു. അന്നുവരെ മലയാളികള്‍ക്ക് അപരിചിതമായിരുന്ന ഭൂമികകളെ അതീവസുന്ദരമായ ഭാഷയിൽ, ലളിതമായി, ദൃശ്യമികവോടെ അവതരിപ്പിക്കുന്നതില്‍ എസ്.കെ മുൻപന്തിയിലായിരുന്നു. അദ്ദേഹത്തിന്റെ നോവലുകള്‍ പോലും ഒരുതരത്തില്‍പ്പറഞ്ഞാല്‍ യാത്രാവിവരണം കൂടിയായിരുന്നു.

ശ്രീധരനൊപ്പം അതിരാണിപ്പാടവും ഓമഞ്ചിയുടെയും കേളുമാഷി​​​​ന്റെയും കൂടെ മിഠായി തെരുവും ഒരു ദേശത്ത് നിന്നു മറ്റൊരു ദേശത്തേക്ക് സഞ്ചരിച്ചു. കാപ്പിരികളുടെ നാടും, ബാലി ദ്വീപും, നൈല്‍ ഡയറിയും പാതിരാസൂര്യ​​​​ന്റെ നാടും എസ്​.​കെ യുടെ വരികളിലൂടെ മലയാളി അനുഭവിച്ചറിഞ്ഞു. മനുഷ്യരോടൊപ്പം തെരുവും ദേശവും എസ്.കെയുടെ കഥകളില്‍ കഥാപാത്രങ്ങളായി. ചെറുകഥയും നോവലും യാത്രാവിവരണങ്ങളും ലേഖനങ്ങളുമായി 60ഒാളം പുസ്തകങ്ങളഴുതിയ എസ്​.കെ കോഴിക്കോ​ട്ടെ മിഠായിത്തെരുവിനെ കഥാപാത്രമായി എഴുതിയ ‘ഒരു തെരുവി​​​​ന്റെ കഥ’ക്ക്​ 1961ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്​ ലഭിച്ചു. ‘ഒരു ദേശത്തി​​​​ന്റെ കഥ’ക്ക്​ 1972 കേരള സാഹിത്യ അക്കാദമി അവാര്‍ഡും ’77ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. ​ 1980ലെ ജ്​ഞാനപീഠം അവാര്‍ഡിനും ​ഇൗ നോവല്‍ അര്‍ഹമായി.

കോഴിക്കോ​ട്ടെ പുതിയറയിലുള്ള ‘​ചന്ദ്രകാന്തം’ എന്ന വീട്ടില്‍ വച്ചാണ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ‘ഒരു ദേശത്തി​​​​ന്റെ കഥ’ എന്ന നോവല്‍ എസ്.കെ എഴുതിയത്​ ​. ദീര്‍ഘ യാത്രകള്‍ക്ക്​ ശേഷം എസ്​.കെ വിശ്രമിക്കാനെത്തിയിരുന്ന, രണ്ടു മുറികളും കോറിഡോറും അടുക്കളയുമുള്ള ഇൗ വീട്​ പുതുമോടിയിലേക്ക് മാറുകയാണ് എസ്.കെയുടെ കൃതികളും ഡയറികുറിപ്പുകളും ഉപയോഗിച്ച വസ്തുക്കളുമെല്ലാം എസ്.കെ സാംസ്കാരിക കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നു. എസ്.കെയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെയെത്താം. വർഷങ്ങൾ എത്ര കഴിഞ്ഞാലും തലമുറ എത്ര മാറിയാലും മലയാളികളുടെ മനസ്സിൽ എസ്കെ യുടെ സ്ഥാനം അചഞ്ചലമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button