ചെന്നൈ : നീതി ലഭ്യമാക്കാന്‍ വൈകിയതില്‍ ക്ഷമ ചോദിച്ച് മദ്രാസ് ഹൈക്കോടതി. മകന്‍ നഷ്ടമായ സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതി ക്ഷമാപണം നടത്തിയത്.
മകന്‍ അപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭിക്കേണ്ട പരാതിയുടെ വാദവുമായി ബന്ധപ്പെട്ടാണ് ബക്കിം എന്ന സ്ത്രീ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും 3.4 ലക്ഷം രൂപയാണ് നഷ്ടപരിഹാര ഇനത്തില്‍ ഇവര്‍ക്ക് ലഭിക്കാനുള്ളത്. എന്നാല്‍ നിയമപരമായ നൂലാമാലകളാല്‍ കേസിലെ വാദം 24 വര്‍ഷത്തോളം നീണ്ടു.
1993 മേയിലാണ് ബക്കിമിന്റെ മകന്‍ ലോകേശര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത്. ലോകേശര്‍ ഓടിച്ചിരുന്ന ലോറി സംസ്ഥാന സര്‍ക്കാരിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോകേശ്വര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
മകന്റെ മരണത്തിനാണ് ബക്കിം ലോറി ഉടമയില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിനായി വര്‍ക്ക്‌മെന്‍സ് കോമ്പന്‍സേഷന്‍ ആക്ട് പ്രകാരമാണ് ബക്കിം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലിനെ സമീപിച്ചത്. എന്നാല്‍ വാഹനാപകടങ്ങള്‍ക്ക് ബാധകമാവുന്നത് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമുള്ള ക്ലെയിം ആണെന്ന് ചൂണ്ടിക്കാട്ടി ബക്കിമിന്റെ അപേക്ഷ കമ്പനി തള്ളി.
പിന്നീട് പരാതിയില്‍ അപ്പീല്‍ നല്‍കുന്നതിന് പകരം ബക്കീം മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂണലില്‍ പുതിയ അപേക്ഷ നല്‍കി. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ബക്കിമിന്റെ ആവശ്യം. എന്നാല്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത ലോറി ഉടമ ബക്കീമിന്റെ വാദത്തെ എതിര്‍ത്ത് രംഗത്തെത്തി. വര്‍ക്ക്‌മെന്‍സ് കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം നല്‍കിയ പരാതി റദ്ദാക്കാതെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിന് നിയമസാധുതയില്ലെന്ന് വാദിച്ചാണ് അപേക്ഷയെ കോടതിയില്‍ ലോറി ഉടമ എതിര്‍ത്തത്.
എന്നാല്‍ കേസ് പരിഗണിക്കുന്നതിനിടെ ലോറി ഉടമയുടെ വാദത്തെ ട്രിബ്യൂണല്‍ തള്ളി, 3.47 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ട്രിബ്യൂണല്‍ ഉത്തരവിട്ടു. നഷ്ടപരിഹാരത്തിന്റെ പകുതി സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും പകുതി ഇന്‍ഷുറന്‍സ് കമ്പനിയും നല്‍കണമെന്നായിരുന്നു ട്രിബ്യൂണല്‍ ഉത്തരവ്. എന്നാല്‍ ഉത്തരവില്‍ അതൃപ്തി പ്രകടിപ്പിച്ച് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി മദ്രാസ് ഹൈക്കോടതിയെ അപ്പീലുമായി സമീപിച്ചു.
എന്നാല്‍ കമ്പനിയുടെ അപ്പീല്‍ കോടതി തള്ളി. ബക്കിം നല്‍കിയ പരാതിയില്‍ നിയമപരമായ തടസങ്ങളുണ്ടെങ്കിലും കഴിഞ്ഞ 24 വര്‍ഷമായി മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്നത് ഖേദകരമാണെന്ന് കോടതി നിരീക്ഷിച്ചു. വര്‍ക്ക്‌മെന്‍സ് കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം ബക്കീം നല്‍കിയ അപേക്ഷ റദ്ദാക്കി നാലാഴ്ചയ്ക്കുള്ളില്‍ ആവശ്യമായ നഷ്ടപരിഹാരം അധികൃതര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Post Your Comments