ചെന്നൈ: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ ഹിന്ദു സനാതന ധര്‍മ്മ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഉദയനിധിക്കെതിരെ ബി.ജെ.പി നേതാക്കൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ ഉദയനിധിയെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി രംഗത്തെത്തി. മന്ത്രി നടത്തിയ പരാമർശം വിദ്വേഷം ജനിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിട്ടാക്കി. തമിഴ്‌നാട് പൊലീസിനെയും മന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ നടത്തിയ കായിക മന്ത്രി ഉദയനിധി സ്റ്റാലിനും ഹിന്ദുമതജീവകാരുണ്യ വകുപ്പു മന്ത്രി പി കെ ശേഖര്‍ബാബുവിനും എതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് പൊലീസിനോട് ഹൈക്കോടതി ചോദിച്ചു. നടപടിയെടുക്കേണ്ട പരാമർശമാണ് ഇരുവരും നടത്തിയതെന്നാണ് കോടതിയുടെ നിരീക്ഷണം. പൊലീസ് കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയെന്നും പൊലീസും ഇക്കാര്യത്തില്‍ കുറ്റക്കാരാണെന്നും മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി ജയചന്ദ്രന്‍ പറഞ്ഞു.
ചെന്നൈ തിരുവേര്‍കാട് സ്വദേശി മഗേഷ് കാര്‍ത്തികേയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അദ്ദേഹം ഈ നിരീക്ഷണം നടത്തിയത്. അധികാരത്തിലിരിക്കുന്ന ഒരാള്‍ സംസാരത്തിന്റെ അപകടം തിരിച്ചറിയുകയും ഉത്തരവാദിത്തത്തോടെ പെരുമാറുകയും, പ്രത്യയശാസ്ത്രത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളെ ഭിന്നിപ്പിക്കുന്ന കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് സ്വയം നിയന്ത്രിക്കുകയും വേണമെന്ന് കോടതി പറഞ്ഞു.
Post Your Comments