കോഴിക്കോട്: ശനിയാഴ്ച ഒരു കുടുംബത്തിന്റ കണ്ണീരിനൊപ്പം നാടും കരഞ്ഞ ദിവസമായിരുന്നു. കരുവന്‍പൊയിലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരുള്‍പ്പെടെ ആറുപേര്‍ മരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത് കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി. ഉച്ചക്ക് 2.30ഒാടെയാണ് അടിവാരത്തിനടുത്ത് കൈതപ്പൊയിലില്‍ ബസും ജീപ്പും കൂട്ടിയിടിച്ച് ചിലര്‍ മരിച്ചതായി ആദ്യം സന്ദേശം പരന്നത്. രണ്ടുപേര്‍ മരിച്ചെന്നും നാലുപേര്‍ മരിച്ചെന്നും അഞ്ചുപേര്‍ മരിച്ചെന്നും തരത്തിലുള്ള അഭ്യൂഹങ്ങളായിരുന്നു എങ്ങും.
മിനിറ്റുകള്‍ക്കുള്ളില്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനുമുന്നില്‍ ജനക്കൂട്ടം നിറഞ്ഞു. എന്നാല്‍, എത്രപേര്‍ മരിച്ചുവെന്നോ ആര്‍ക്കെല്ലാം പരിക്കുണ്ടെന്നോ ആര്‍ക്കും വ്യക്തതയുണ്ടായിരുന്നില്ല. ഉദ്വേഗത്തിന്റെയും ആശങ്കയുടെയും മണിക്കൂറുകളായിരുന്നു അത്. അതിനിടയില്‍ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ മൂന്നു കുട്ടികള്‍ മരിച്ച നിലയിലുണ്ടെന്ന വാര്‍ത്ത പരന്നു. സംഭവസ്ഥലത്തുനിന്ന് മൂന്ന് മുതിര്‍ന്നവരുടെ മൃതദേഹങ്ങളും എത്തിച്ചു. പിന്നീടാണ് ആറുപേര്‍ മരിച്ചെന്ന കാര്യം മെഡിക്കല്‍ കോളജ് പൊലീസും ആശുപത്രി അധികൃതരും സ്ഥിരീകരിച്ചത്. എന്നാല്‍ അബ്ദുറഹ്മാന്, സുബൈദ, ഡ്രൈവര്‍ പ്രമോദ് എന്നിവരല്ലാതെ മരിച്ച കുട്ടികള്‍ ആരൊക്കെയാണെന്നതിനോ ജീപ്പില്‍ എത്രപേരുണ്ടായിരുന്നുവെന്നതിനോ കുറിച്ചോ അപ്പോഴും വ്യക്തതയുണ്ടായിരുന്നില്ല.
ഒരു കുടുംബത്തിലുള്ളവരുടെ മൃതദേഹങ്ങള്‍ ഒന്നിനുപിറകെ ഒന്നായെത്തിയത് മെഡിക്കല്‍ കോളജില്‍ പല ആവശ്യങ്ങള്ക്കുമായെത്തിയവരുടെ മിഴിനീരണിയിപ്പിച്ചു. എം.എല്‍.എമാരായ കാരാട്ട് റസാഖ്, ഇ.കെ. വിജയന്, പി.ടി.എ. റഹീം, ജില്ല കലക്ടര്‍ യു.വി. ജോസ്, ഉത്തരമേഖല എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍, ഡി.സി.പി മെറിന് ജോസഫ്, അസി. കമീഷണര്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു. ജനപ്രതിനിധികളുടെ ഇടപെടലിനെത്തുടര്‍ന്ന് വൈകീട്ട് പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹങ്ങള്‍ രാത്രി തന്നെ വിട്ടുകൊടുത്തു.
Post Your Comments