ന്യൂഡൽഹി: സര്‍ക്കാര്‍ ആശുപത്രികൾ സ്വകാര്യവത്കരിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. നീതി ആയോഗിലൂടെ സർക്കാർ ആശുപത്രികൾ സ്വകാര്യ മേഖലയ്ക്ക് തുറന്ന് കൊടുക്കാൻ തയാറാക്കിയ പദ്ധതിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ആസ്പത്രികള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ ശുപാര്‍ശയേ ഇല്ലെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സാസൗകര്യം വര്‍ധിപ്പിക്കാനുള്ള പദ്ധതിയില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയത് വിവാദമായതിനുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
സ്വകാര്യ ആസ്പത്രികള്‍ക്ക് മൂക്കുകയറിടാനുള്ള ഇച്ഛാശക്തി കാണിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്ന് മന്ത്രി പറഞ്ഞു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയിട്ടുണ്ട്. അത് നടപ്പാക്കേണ്ടതും മാതൃകയാക്കേണ്ടതും സംസ്ഥാനങ്ങളാണ്. സ്വകാര്യ ആസ്പത്രികളില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ തടയാനുള്ള എല്ലാ വ്യവസ്ഥകളും അടങ്ങുന്നതാണ് നിയമം. ഇനി തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments