തിരുവനന്തപുരം: ബ്ലൂ വെയിൽ കംപ്യൂട്ടർ ഗെയിമിനെതിരേ മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ രംഗത്ത്. കൗമാരക്കാരെയും കുട്ടികളേയും സ്വാധീനിക്കുന്ന ഈ ഗെയിമിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച അദ്ദേഹം സാമൂഹ്യമാധ്യമത്തിലൂടെയാണ് മുന്നറിയിപ്പ് നൽകുന്നത്. കുട്ടികൾ ഇന്റെർനെറ്റ് ഉപയോഗിക്കുന്പോഴും ഗെയിം കളിക്കുമ്പോഴും മാതാപിതാക്കളുടെ ശ്രദ്ധ വേണമെന്നു ഡിജിപി ഫേസ്ബുക്കിലൂടെ അറിയിച്ചു. ബ്ലൂ വെയിൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് ഹൈടെക് സെല്ലുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.
ഡിജിപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം………..
ബ്ളൂ വെയിൽ ഗെയിമിനെതിരെ മുന്നറിയിപ്പ്
കൗമാരക്കാരേയും കുട്ടികളേയും വളരെവേഗം സ്വാധീനിക്കുന്ന ഒന്നാണ് കംമ്പ്യൂട്ടർ ഗെയിമുകൾ. ഏറ്റവും ഒടുവിൽ കുട്ടികൾ മുതൽ യുവാക്കൾ വരെ അടിമപ്പെട്ടിരിക്കുന്ന ബ്ളൂ വെയിൽ വളരെ അപകടകാരിയായ ഗെയിമാണ്. ഇന്റർനെറ്റ് അധിഷ്ഠിത ഗെയിമാണ് ബ്ളൂ വെയിൽ. അമ്പത് ഘട്ടങ്ങളിലൂടെയാണ് ഈ ഗെയിം കടന്നുപോകുന്നത്. കളിക്കാരൻ ഓരോ ഘട്ടത്തിലും ഗെയിം അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിലായിരിക്കും. ഗെയിം അഡ്മിനിസ്ട്രേറ്റർ ഓരോ ഘട്ടത്തിലും നൽകുന്ന നിർദ്ദേശപ്രകാരം കളിക്കാരൻ ഓരോ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതനാകുന്നു. പുലർച്ചെ ഉണരുക, ഒറ്റക്കിരുന്ന് ഭയപ്പെടുത്തുന്ന സിനിമകൾ കാണുക, ക്രയിനിൻ കയറുക, കൈകളിൽ മുറിവുണ്ടാക്കുക, കാലിൽ സൂചി കുത്തിക്കയറ്റുക, എന്നിങ്ങനെ തുടങ്ങി അമ്പതാമത്തെ ഘട്ടത്തിൽ കളിക്കാരനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കൗമാരക്കാരാണ് ബ്ളൂ വെയിൽ ഗെയിമിന്റെ പ്രേരണയാൽ ആത്മഹത്യ ചെയ്തതായി കണക്കാക്കപ്പെടുന്നത്. 14 നും 18 നും ഇടയിലുള്ള കുട്ടികളാണ് ഇത്തരത്തിൽ അപകടത്തിൽപ്പെട്ടിട്ടുള്ളത്. സാങ്കേതിക വിദ്യ ഏറെ വളർന്നിട്ടും ഇന്റർനെറ്റിലെ ചതിക്കുഴികൾ മനസ്സിലാക്കാൻ കഴിയാതെ പോകുന്നത് അപകടകരമാണ്.
ചില മാധ്യമങ്ങളിൽ വന്ന വിവരപ്രകാരം നിരവധി ആളുകൾ ഇന്ത്യയിൽ ഈ ഗെയിം ഉപയോഗിക്കുന്നതായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കൾ ഇത്തരത്തിലുള്ള ഗെയിമുകളെക്കുറിച്ച് മനസ്സിലാക്കുകയും കുട്ടികളുടെ കമ്പ്യൂട്ടറുകൾ, സ്മാർട്ട്ഫോണുകൾ എന്നിവയിൽ ഇത്തരം ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ നീക്കം ചെയ്യുകയും വേണം. കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴും കമ്പ്യൂട്ടർ ഗെയിം കളിക്കുമ്പോഴും കൂടുതൽ ശ്രദ്ധകൊടുക്കേണ്ടതുണ്ട്.
ബ്ലൂവെയിൽ ഗെയിം ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് ഹൈടെക് സെല്ലുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ കൗൺസിലിങ് ലഭ്യമാക്കാവുന്നതുമാണ്
Post Your Comments