ദുബായ്: സൗദി അറേബ്യയിലെ നിയമങ്ങള്‍ക്കൊക്കെ മാറ്റം വരാന്‍ പോകുന്നു. പുരോഗമന പാതയിലാണ് സൗദി ഇപ്പോളെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറയുന്നു. സ്ത്രീകള്‍ക്ക് അവരിഷ്ടപ്പെടുന്ന ഏതുതരം വസ്ത്രവും ധരിക്കാന്‍ അനുമതിയുള്ള ബീച്ച് റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കാനാണ് സൗദി പദ്ധതിയിടുന്നത്.
റെഡ് സീ റിസോര്‍ട്ട് എന്നാണ് പേര്. ബിക്നി പോലുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ചും ഇവിടെ പ്രവേശിക്കാനാകും. എന്നാല്‍ വിദേശ രാജ്യങ്ങളില്‍നിന്ന് സൗദിയില്‍ വന്നുതാമസിക്കുന്ന സ്ത്രീകളെയാണ് ഇങ്ങനെ പ്രവേശിപ്പിക്കുക. ലോക ടൂറിസം മാപ്പില്‍ ഇടംപിടിക്കുക എന്നതാണ് സൗദിയുടെ ലക്ഷ്യം. 2019ല്‍ മാത്രമേ റിസോര്‍ട്ട് നിര്‍മാണമാരംഭിക്കൂ. മൂന്നുവര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.
പ്രകൃതി സൗന്ദര്യംകൊണ്ട് രമണീയമായ ഉംലജ്, അല്‍വജ്ഹ് സിറ്റികള്‍ക്കിടയിലുള്ള ചെങ്കടലിലെ 50 ചെറു ദ്വീപുകള്‍ കേന്ദ്രീകരിച്ചാണ് വേള്‍ഡ് ടൂറിസം പദ്ധതിയായ റെഡ് സീ ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. ഹോട്ടല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലോകോത്തര നിലവാരമുള്ള കമ്പനികളുടെ സഹകരണത്തോടെയായിരിക്കും റിസോര്‍ട്ടുകളും അപ്പാര്‍ട്ടുമെന്റുകളുമടക്കം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റ് വിവിധ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള പദ്ധതി നടപ്പാക്കുക.
പദ്ധതിയുടെ ചെലവുകള്‍ പൊതുനിക്ഷേപ ഫണ്ടാണ് വഹിക്കുന്നത്. എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, ആഡംബര ഹോട്ടലുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയുടെ നിര്‍മ്മാണവും, കപ്പലുകള്‍ക്കും ആഡംബര ബോട്ടുകള്‍ക്കും ജല വിമാനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ടേഷനുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Post Your Comments