ദുബായ്: ജനങ്ങളുടെ ഭരണം എപ്പോഴും പാക്കിസ്ഥാനെ നശിപ്പിച്ചിട്ടേയുള്ളെന്ന് മുൻ പ്രസിഡന്റും സൈനികമേധാവിയുമായിരുന്ന പർവേസ് മുഷറഫ്. പാക്കിസ്ഥാനെ യഥാർഥ പാക്കിസ്ഥാനാക്കിയത് സൈനിക ഭരണമാണെന്നും മുഷറഫ് അഭിപ്രായപ്പെട്ടു. രാജ്യാന്തര മാധ്യമമായ ബിബിസിയോടു സംസാരിക്കവെയാണ് മുഷറഫ് സൈനിക ഏകാധിപതികളെ പ്രശംസിച്ചത്. ഫീൽഡ് മാർഷൽ അയൂബ് ഖാൻ, ജനറൽ സിയാ ഉൾ ഹഖ് എന്നിവരുടെ പേരുകൾ മുഷറഫ് പ്രത്യേകം പരാമർശിച്ചു.
ഏകാധിപതികളാണു രാജ്യത്തെ ശരിയായി നയിക്കുന്നത്. പാക്കിസ്ഥാന് എപ്പോഴും പുരോഗതി കൊണ്ടുവന്നതു സൈനിക ഭരണകൂടമാണ്. പുരോഗതി പ്രാപിച്ച എല്ലാ ഏഷ്യൻ രാജ്യങ്ങൾക്കു പിന്നിലും ഏകാധിപതികളുടെ ഭരണമാണ്. ഭരിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരോ ഏകാധിപതിയോ ആകട്ടെ, പുരോഗതിയും അഭിവൃദ്ധിയും ഉണ്ടാകുന്നിടത്തോളം കാലം രാജ്യത്തെ ജനങ്ങൾക്കിടയിൽ ഒരു വ്യത്യാസവും ഇതുണ്ടാക്കില്ലെന്നും മുഷറഫ് പറഞ്ഞു.
1999ൽ, അന്നത്തെ പ്രധാനമന്ത്രി നവാസ് ഷരീഫിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത തന്റെ നടപടിയെയും ന്യായീകരിച്ചു. രാജ്യത്തെ ജനങ്ങളുടെ ആവശ്യമായിരുന്നു അന്നത്തെ അട്ടിമറി. പാക്കിസ്ഥാനിലെ ജനങ്ങൾക്കു തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മാറ്റാനുള്ള അധികാരം ഉണ്ടായിരിക്കണം.1998ലാണ് മുഷറഫ് സൈനിക മേധാവിയായത്. അടുത്ത വർഷം ഒക്ടോബറിൽ ഭരണകൂടത്തെ അട്ടിമറിച്ചു. പിന്നീട് 2001 മുതൽ 2008 വരെ പാക്കിസ്ഥാൻ പ്രസിഡന്റായി. ഇപ്പോൾ ദുബായിലാണ് താമസം.
Post Your Comments