Latest NewsKeralaIndiaNews

സംസ്ഥാനത്തെ ദളിത്‌ പീഡന കേസുകളുടെ കണക്ക് പുറത്ത്

കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ 1000 പിന്നാക്ക വിഭാഗ പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍. ഇതൊരു ചെറിയ കാര്യമല്ലെന്നും, അതീവഗുരുതരമായ സ്ഥിതിയാണിതെന്നും സംഭവങ്ങള്‍ വിശകലനം ചെയ്യാന്‍ കമ്മീഷന്‍ അടുത്തമാസം യോഗം ചേരുമെന്നും വൈസ് ചെയര്‍മാന്‍ എല്‍. മുരുകന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആത്മഹത്യ ചെയ്ത വിനായകന്റെയും കൊല്ലപ്പെട്ട രാജേഷിന്റെയും പ്രിയപ്പെട്ടവര്‍ക്ക് കേരളാ സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കഴിഞ്ഞ ജൂണ്‍ മുതല്‍ ഏപ്രില്‍ വരെ ദളിത്‌ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കെതിരേ നടന്ന പീഡനങ്ങളില്‍ 155 ബലാത്സംഗങ്ങളും, 12 കൊലപാതകവും, പോലീസ് ലോക്കപ്പ് മര്‍ദ്ദനങ്ങളും ഉള്‍പ്പെടുമെന്നും കമ്മീഷന്‍ പറയുന്നു. കൂടാതെ, ഇതുമായി ബന്ധപ്പെട്ടുള്ള നിരീക്ഷണം കേരളത്തില്‍ ശക്തമാക്കും. സെപ്റ്റംബര്‍ രണ്ടാം വാരം ചെയര്‍മാന്റെ നേതൃത്വത്തില്‍ കേരളത്തില്‍ സംസ്ഥാനതല അവലോകനം നടത്തും. തുടര്‍ന്ന് മെഗാ ലോക് അദാലത്ത് സംഘടിപ്പിക്കുമെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു. പോലീസ് പീഡനത്തെ തുടര്‍ന്ന് തൃശൂരില്‍ ആത്മഹത്യ ചെയ്ത വിനായകന്റെയും തിരുവനന്തപുരത്ത് കൊല്ലപ്പെട്ട രാഷേജിന്റെയും വീട് കമ്മീഷന്‍ നേരത്തെ തന്നെ സന്ദര്‍ശിച്ചിരുന്നു.

തിരുവനന്തപുരത്ത് കാര്യവട്ടത്ത് ആര്‍എസ്എസ് കാര്യവാഹ് രാജേഷ് കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് വധഭീഷണിയുണ്ടായിരുന്നതായി സഹോദരന്‍ നേരത്തെ കമ്മീഷന് മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ അന്ന് സ്ഥലം എസ്‌ഐയോട് പരാതി പറഞ്ഞിരുന്നെങ്കിലും പോലീസ് ഗൗരവമായി എടുത്തില്ല. കുടുംബാംഗങ്ങള്‍ നല്‍കിയ സൂചന ശരിയാണെങ്കില്‍ സംഭവത്തില്‍ കുറച്ച് പേര്‍ കൂടി അറസ്റ്റിലാകും. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് നിന്നെത്തിയവരാണ് സംഭവത്തിന് പിന്നിലെന്നും അവര്‍ സംശയിക്കുന്നു. ആയതിനാല്‍, സംഭവത്തില്‍ പട്ടികവിഭാഗ പരിധിയിലുള്ള വകുപ്പുകള്‍ കൂടി ചേര്‍ക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിടുണ്ട്. പോലീസ് കസ്റ്റഡിയില്‍ വെച്ചതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത വിനായകന്റെ ബന്ധുക്കള്‍ക്കും അര്‍ഹതപ്പെട്ട രൂപ ആനുകൂല്യം ലഭിക്കും.
25 ലക്ഷം രൂപ രാജേഷിന്റെയും, വിനായകന്റെയും കുടുംബങ്ങള്‍ക്കും നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. രണ്ട് കേസുകളിലേയും വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ കമ്മീഷന് മുമ്പില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതായും വൈസ് ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button