കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വിമാനത്താവളം തിരുവമ്പാടിയിൽ ആരംഭിക്കുന്നതിനായി സർക്കാർ സാധ്യത പഠനത്തിന് നിർദ്ദേശിച്ചു. വിമാനത്താവളം സ്ഥാപിക്കുന്നതിനായി മലബാര്‍ ഡെപലപ്‌മെന്റ് കൗണ്‍സില്‍ സമര്‍പ്പിച്ച അപേക്ഷ സ്വീകരിച്ചാണ് ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ക്കും കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കുമാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
രണ്ടായിരത്തിലേറെ ഏക്കര്‍ വിസ്തൃതിയുള്ള തിരുവമ്പാടി റബ്ബര്‍ എസ്റ്റേറ്റിലാണ് പുതിയ വിമാനത്താവളം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. മുക്കം മുന്‍സിപ്പാലിറ്റി തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലുമായാണ് വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം സ്ഥിതി ചെയ്യുന്നത്.കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റണ്‍വേയുടെ വലിപ്പക്കുറവും അറ്റകുറ്റപ്പണികളും കാരണം വലിയ വിമാനങ്ങള്‍ക്ക് ലാന്‍ഡിംഗ് നടത്താൻ സാധിക്കാത്ത പ്രശ്നമുണ്ട്.
ഈ സാഹചര്യത്തിലാണ് പുതിയൊരു വിമാനത്താവളം കോഴിക്കോട് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ സജീവമായത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ വിമാനത്താവളത്തിനായി ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഇപ്പോഴാണ് സര്‍ക്കാര്‍ തലത്തില്‍ ഇതിനായുള്ള നടപടികള്‍ ആരംഭിച്ചത്. നിർദ്ദിഷ്ട പ്രദേശത്ത് മനുഷ്യവാസമില്ലാത്തതിനാല്‍ സ്ഥലമേറ്റെടുക്കേണ്ട ആവശ്യമില്ലെന്നതാണ് വിമാനത്താവളത്തിനായി വാദിക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാനകാര്യം. കരിപ്പൂർ വിമാനത്താവളം നേരിടുന്ന പ്രധാനപ്രശ്നം ആവശ്യത്തിന് സ്ഥലം ഇല്ലാത്തതും പ്രദേശവാസികളുടെ എതിർപ്പുമാണ്.പുതിയ വിമാനത്താവളം വരുകയാണെങ്കിൽ മലബാർ മേഖലയിലുള്ള പ്രവാസികളുടെ യാത്രാക്ലേശത്തിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകും
Post Your Comments