ദുബായ് : ദുബായിലെ ചെറുപ്പക്കാരുടെ ഇടയില്‍ മരണനിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായ നിശബ്ദ കൊലയാളിയെ കുറിച്ച് ദുബായ് ആരോഗ്യവകുപ്പ് അധികൃതരുടെ മുന്നറിയിപ്പ് . ജീവിതശൈലി രോഗങ്ങളായ രക്തസമ്മര്‍ദ്ദവും പ്രമേഹവും ചെറുപ്പക്കാര്‍ക്കിടയില്‍ ഏറെ വ്യാപിക്കുന്നതായാണ് ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്്. കടുത്ത രക്തസമ്മര്‍ദമുള്ള ചെറുപ്പക്കാരുടെ എണ്ണം ഉയരുകയാണെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റിയിലെ (ഡിഎച്ച്എ) ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഉയര്‍ന്ന രക്തസമ്മര്‍ദം ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുക മാത്രമല്ല, നിശ്ശബ്ദം നമ്മെ കൊല്ലുകയും ചെയ്യുന്നു.
ആഹാര ശീലങ്ങളും ജീവിതരീതിയുമാണ് ചെറുപ്പക്കാര്‍ക്ക് രക്തസമ്മര്‍ദം ഏറാന്‍ കാരണമെന്നും ഡിഎച്ച്എയുടെ ‘ലൈവ് ട്വിറ്റര്‍ ക്ലിനിക്കില്‍’ ചൂണ്ടിക്കാട്ടി. ഹൃദയ ധമനികളെ അപകടകരമാംവിധം ബാധിക്കുന്നതുള്‍പ്പെടെ രക്തസമ്മര്‍ദം മനുഷ്യജീവനു കടുത്തഭീഷണി ഉയര്‍ത്തുന്നു. ഹൃദ്രോഗങ്ങള്‍, മസ്തിഷ്കാഘാതം, വൃക്കരോഗങ്ങള്‍, കാഴ്ചശേഷി നഷ്ടപ്പെടല്‍ എന്നിങ്ങനെ പലവിധത്തിലാണിതു ബാധിക്കുക. യഥാസമയം ചികില്‍സിച്ചില്ലെങ്കില്‍ ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കും. ജീവിതരീതികള്‍ മൂലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രക്താദിസമ്മര്ദമുള്ള കൂടുതല്‍ ചെറുപ്പക്കാര്‍ ചികില്‍സ തേടി എത്തുന്നതായി ഡിഎച്ച്എ ഫാമിലി മെഡിസിന് സ്പെഷലിസ്റ്റ് ഡോ.നദ അല്‍ മുല്ല പറഞ്ഞു.
ടിന്നിലടച്ച ഭക്ഷണസാധനങ്ങളും ഭക്ഷണം കേടുകൂടാതിരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുക്കളും ഫാസ്റ്റ്ഫുഡ് സംസ്കാരവും രക്തസമ്മര്‍ദം കൂടാന്‍ പ്രധാനകാരണമാണ്. ഉപ്പിന്റെ അമിത ഉപയോഗവും പൊരിച്ച സാധനങ്ങളും ആരോഗ്യത്തിന് ഹാനികരമാണ്. അലസ ജീവിതരീതി കൂടിയാകുന്നതോടെ രക്തസമ്മര്‍ദം ഗുരുതര ആരോഗ്യ പ്രശ്നമായി മാറുന്നു. വ്യായാമമില്ലാത്തത് പലരോഗങ്ങളും സങ്കീര്‍ണമാക്കുന്നു. ഇത്തരം ശീലങ്ങളില്ലാതിരുന്നതിനാല് പഴയതലമുറയിലുള്ളവര്‍ക്ക് രക്തസമ്മര്‍ദം ഭീഷണി സൃഷ്ടിച്ചിരുന്നില്ല. കടുത്ത രക്തസമ്മര്‍ദം ആഗോളതലത്തില്‍ ഗുരുതര ആരോഗ്യപ്രശ്നമായി മാറിക്കഴിഞ്ഞു. രോഗാവസ്ഥയെക്കുറിച്ച് ഏവരും ബോധവാന്മാരാണെങ്കിലും ശീലങ്ങള്‍ മാറ്റാന്‍ തയാറാകുന്നില്ല.
ചെറിയ പ്രായത്തില്‍ തന്നെ ഗുരുതരരോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പ്രമേഹവും ചെറുപ്പക്കാരില്‍ വ്യാപകമായി വരുന്നു. ജീവിതകാലം മുഴുവന്‍ നരകയാതന അനുഭവിക്കേണ്ട സാഹചര്യമാണുണ്ടാകുക. ജീവിതശൈലീരോഗങ്ങള്‍ നിസ്സാരമല്ല. മറ്റു പല രോഗവസ്ഥകളിലേക്കും ഇതു നയിച്ചേക്കാം. കൊഴുപ്പും രാസവസ്തുക്കളും അമിതമായി ചേര്‍ന്ന ഭക്ഷണസാധനങ്ങളുടെ ഉപയോഗം കുട്ടികളില്‍ ഉള്‍പ്പെടെ നിയന്ത്രിക്കണമെന്നും ചൂണ്ടിക്കാട്ടി
Post Your Comments