തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ഷൈലജ നടത്തിയ അവകാശവാദം അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങള്‍ അരങ്ങേറിയിരുന്നു. സ്വാശ്രയ പ്രവേശന രംഗത്ത് എന്താണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് അറിയില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സ്വാശ്രയ പ്രവേശനത്തില്‍ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ് ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ പ്രവേശന നടപടികള്‍ നല്ല രീതിയില്‍ പുരോഗമിക്കുമ്പോഴാണ് ഇവിടെ കൂട്ടക്കുഴപ്പത്തില്‍ നട്ടം തിരിയുന്നത്. തിരുവനന്തപുരം, ഇടുക്കി മെഡിക്കല്‍ കോളേജുകളില്‍ ഇത്തവണ പ്രവേശനം നടത്താമായിരുന്നു. ഇതിനായി അനുമതി നേടിയെടുക്കാന്‍ ശ്രമിക്കാതിരുന്നതിനാല്‍ 25000 രൂപയില്‍ കുട്ടികള്‍ക്ക് പഠിക്കാമായിരുന്ന 200 സീറ്റുകളാണ് കേരളാ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്. ഇത് ആര്‍ക്ക് വേണ്ടിയാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
സ്വാശ്രയ പ്രവേശനത്തില്‍ ഇതുപോലുള്ള കുഴപ്പങ്ങള്‍ മുൻപുണ്ടായിട്ടില്ല. പ്രവേശനം അവസാനിക്കാറായിട്ടും എത്ര ഫീസാണ് അടയ്‌ക്കേണ്ടതെന്നു കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ അറിയില്ല. ഫീസ് എത്രയെന്ന് തെറ്റാതെ പറയാന്‍ മന്ത്രിക്ക് കഴിയുമോയെന്നും ചെന്നിത്തല ചോദിച്ചു. ഇത്തവണ മൂന്ന് തവണയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇറക്കിയ ഓര്‍ഡിനന്‍സ് തന്നെ പിന്നീട് തിരുത്തുകയും ചെയ്തു. സര്‍ക്കാരിന്റെ മോശമായ ഇടപെടലാണ് ഇത്തവണ ഇത്രയേറെ കുഴപ്പങ്ങളുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments