കാബൂള്‍: ഇറാക്കിലെ മൊസൂളില്‍ നിന്ന് സൈന്യം തുരത്തിയ ഐഎസിന്റെ അടുത്ത ലക്ഷ്യം അഫ്ഗാനിസ്ഥാനാണെന്ന് സൂചന.
അടുത്തടുത്ത ദിവസങ്ങളിലായി അഫ്ഗാനിസ്ഥാനിലുണ്ടായ ഐഎസ് ആക്രമണങ്ങള്‍ ഇതിന്റെ ആദ്യ പടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഷിയ വിഭാഗക്കാരുടെ പള്ളിയിലും അഫ്ഗാനിസ്ഥാനിലെ ഇറാക്ക് എംബസിയിലും ഐഎസ് ആക്രമണം നടത്തിയിരുന്നു. സ്വദേശികളും വിദേശികളുമായി നിരവധി പോരാളികള്‍ നിലവില്‍ അഫ്ഗാനിലുണ്ട്.
ഇവരോടൊപ്പം സിറിയയില്‍ നിന്നും അറബ് രാജ്യങ്ങളില്‍ നിന്നുമുള്ള ഐഎസ് പോരാളികള്‍ രാജ്യത്തേക്ക് കടക്കുമോ എന്നാണ് അഫ്ഗാന്‍ അധികൃതര്‍ സംശയിക്കുന്നത്. സിറിയയിലെയും ഇറാക്കിലെയും പരാജയത്തിനു ശേഷം ഐഎസ് അഫ്ഗാനില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അഫ്ഗാന്‍ സൈനിക ഉദ്യോഗസ്ഥരും പറയുന്നു. പുതിയ ആയുധങ്ങളും പോരാളികളും ഐഎസിന്റെ പക്കലുണ്ടെന്നും അഫ്ഗാന്‍ പ്രതിരോധ വക്താവ് പറഞ്ഞു. എന്നാല്‍ ആഴ്ചകള്‍ക്കു മുന്നേ ഇറാക്കി സൈന്യത്തിനോട് ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ പരാജയം കാബൂളിലെ എംബസി ആക്രമണത്തിനു കാരണമായെന്നാണ് സൂചന.
തങ്ങളുടെ സൈന്യത്തിന്റെ ഇടപെടല്‍ മൂലം അഫ്ഗാനിസ്ഥാനില്‍ ഐഎസ് പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നായിരുന്നു അമേരിക്കയുടെ വാദം. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ ഒന്‍പത് പ്രവിശ്യകളിലും നിലവില്‍ ഐഎസിന് സാന്നിധ്യമുണ്ട്. അതേസമയം എംബസി ആക്രമണത്തില്‍ വിദേശത്തു നിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യം അഫ്ഗാനിസ്ഥാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
Post Your Comments