ന്യൂഡൽഹി: കഴിഞ്ഞ പത്തു വർഷത്തിനിടെ ഇന്ത്യയിലെ എംപിമാരുടെ ശമ്പളത്തിലുണ്ടായ വർധനയുടെ കണക്കുകൾ പുറത്ത്. 400% വർധനവാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായത്. എന്നാൽ ഇന്ത്യ മാതൃകയാക്കുന്ന ബ്രിട്ടിഷ് പാർലമെന്റിലെ അംഗങ്ങൾക്ക് ഇക്കാലയളവിലുണ്ടായ ശമ്പളവർധന 13% മാത്രമാണ്.
ജോലിയോ ഉത്തരവാദിത്തമോ പ്രതിഫലം വർധിക്കുന്നതനുസരിച്ചു കൂടുന്നില്ലെന്നു ലോക്സഭയിൽത്തന്നെ ഉയർന്ന കണക്കുകൾ സൂചിപ്പിക്കുന്നു. പാർലമെന്ററി സമിതികൾ പഠിക്കാതെയും ഗൗരവമായ ചർച്ചകളില്ലാതെയുമാണ് ഇരുപതു വർഷത്തിനിടെ പാർലമെന്റ് നടത്തിയ പകുതിയോളം നിയമനിർമാണങ്ങളും പാസാക്കിയത്.
ബിജെപി എംപി വരുൺ ഗാന്ധിയാണ് എംപിമാരുടെ പ്രതിഫലം എംപിമാർതന്നെ നിശ്ചയിക്കുന്നതിനെ ചോദ്യംചെയ്തു ലോക്സഭയിൽ ഇന്നലെ കണക്കുകൾ ഉദ്ധരിച്ചത്. എംപിമാർ സ്വന്തം ശമ്പളം നിശ്ചയിക്കുന്നതിനു പകരം, ബ്രിട്ടിഷ് മാതൃകയിൽ പുറമേനിന്നുള്ളവരുടെ സമിതി ഇതിനായി രൂപീകരിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
18,000 കർഷകരാണ് കഴിഞ്ഞ ഒരു വർഷം ആത്മഹത്യ ചെയ്തത്. നമ്മുടെ ശ്രദ്ധ എവിടെയാണെന്ന് വരുൺ ചോദിച്ചു. തമിഴ്നാട്ടിലെ കർഷകർ രാജ്യതലസ്ഥാനത്തു വന്നു സമരം നടത്തി. എന്നാൽ, തമിഴ്നാട് നിയമസഭ കഴിഞ്ഞ മാസം 19നു നിയമസഭാംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കി വർധിപ്പിക്കുകയാണു ചെയ്തത്.
Post Your Comments