ന്യൂഡൽഹി: പതിനേഴാം ലോക്‌സഭയിൽ ഏറ്റവും കൂടുതൽ ചർച്ചയിൽ പങ്കെടുത്ത ആദ്യ അഞ്ചുപേരിൽ കൊല്ലം എംപിയും ആർസ്പി നേതാവുമായ എൻ കെ പ്രേമചന്ദ്രനും. ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുത്ത ലോക്‌സഭാംഗം യു.പി.യിൽ നിന്നുള്ള ബി.ജെ.പി നേതാവ് പുഷ്പേന്ദ്രസിങ് ചന്ദേൽ ആണ്. രണ്ടാമത് അന്തമാനിലെ കോൺഗ്രസ് നേതാവ് കുൽദീപ് റായ് ശർമയും മൂന്നാം സ്ഥാനത്ത് ബി.എസ്.പി നേതാവ് മലൂക്ക് നാഗറുമാണ്. നാലാം സ്ഥാനം ഡി.എം.കെ. നേതാവ് ഡി.എൻ.വി. സെന്തിൽകുമാർ സ്വന്തമാക്കിയപ്പോൾ തൊട്ടുപിന്നിൽ ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എത്തി. എൻ.സി.പി. അംഗം സുപ്രിയ സുലെയും ലോക്സഭാ ചർച്ചകളിൽ സജീവമായിരുന്നെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, സഭയ്ക്കകത്ത് ഒരക്ഷരം മിണ്ടാതെ ഒമ്പത് എം.പി.മാരാണുള്ളത്. ചലച്ചിത്രതാരങ്ങളായ സണ്ണി ഡിയോളും ശത്രുഘ്നൻ സിൻഹയും ഇവരിൽപെടും. സണ്ണി ഡിയോൾ ബി.ജെ.പി.യുടെയും ശത്രുഘ്നൻ തൃണമൂൽ കോൺഗ്രസിന്റെയും എം.പി.മാരാണ്. ഒമ്പതുപേരിൽ ആറുപേരും ബി.ജെ.പി. അംഗങ്ങളാണ്. രണ്ടുപേർ തൃണമൂൽ കോൺഗ്രസിന്റെയും ഒരാൾ ബി.എസ്.പി.യുടെയും. സണ്ണി ഡിയോൾ പഞ്ചാബിലെ ഗുർദാസ്‌പുരിനെയും ശത്രുഘ്നൻ ബംഗാളിലെ അസൻസോൾ മണ്ഡലത്തെയും പ്രതിനിധാനംചെയ്യുന്നു. 2022-ൽ അസൻസോളിൽനടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് ശത്രുഘൻ ലോക്‌സഭയിലെത്തിയത്.
രമേശ് ചന്ദപ്പ ജിഗാജിനഗി, ബി.എൻ. ബച്ചെഗൗഡ, അനന്ത്കുമാർ ഹെഗ്‌ഡെ, വി. ശ്രീനിവാസപ്രസാദ് (നാലുപേരും കർണാടകം), പ്രധാൻ ബറുവ (അസം) എന്നിവരാണ് സഭയിൽ സംസാരിക്കാത്ത മറ്റു ബി.ജെ.പി. അംഗങ്ങൾ. തൃണമൂലിലെ ദിവ്യേന്ദു അധികാരിയും ഇപ്പോൾ ജയിലിലുള്ള യു.പി.യിലെ ഗോസിയിൽനിന്നുള്ള ബി.എസ്.പി. അംഗം അതുൽകുമാർ സിങ്ങുമാണ് മറ്റുള്ളവർ.
സണ്ണി ഡിയോൾ ഏതാനും തവണ ഉപക്ഷേപങ്ങൾ സഭയിൽ എഴുതി നൽകിയിട്ടുണ്ടെങ്കിലും ശത്രുഘ്നൻ സിൻഹ അതും ചെയ്തിട്ടില്ലെന്നാണ് പാർലമെന്റ് രേഖകൾ വ്യക്തമാക്കുന്നത്. ചോദ്യോത്തരവേളയിലോ ശൂന്യവേളയിലോ ശത്രുഘൻ കാര്യമായി പങ്കെടുത്തിട്ടില്ല. ആദ്യമായി സഭാംഗങ്ങളായവരോട് ചർച്ചകളിൽ പങ്കെടുക്കാൻ സ്പീക്കർ ഓം ബിർള പ്രത്യേകം നിർദേശിച്ചിരുന്നു. സണ്ണി ഡിയോളിനോട് അദ്ദേഹം ആഗ്രഹിക്കുന്ന ഏതുവിഷയത്തെക്കുറിച്ച് വേണമെങ്കിലും സംസാരിച്ചോളാൻ സ്പീക്കർ നിർദേശിച്ചിട്ടും ഫലമുണ്ടായില്ലെന്ന് സ്പീക്കറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.
അഞ്ചുവർഷവും മുഴുവൻ സമ്മേളനങ്ങളിലും ഹാജരായത് ബി.ജെ.പി.യുടെ രണ്ട് പുതുമുഖ എം.പി.മാർമാത്രമാണ്. ഛത്തിസ്ഗഢിൽനിന്നുള്ള മോഹൻ മാണ്ഡവിയും രാജസ്ഥാനിലെ ഭഗീരഥ് ചൗധരിക്കുമാണ് നൂറ് ശതമാനം ഹാജരുള്ളത്.
Post Your Comments