ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ബാരഹോതിയിൽ ചൈനീസ് പട്ടാളം 2 തവണ കടന്നുകയറിയതായി റിപ്പോർട്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈനീസ് സന്ദർശനത്തിന് രണ്ടുദിവസം മുമ്പ്, ജൂലൈ 25ന് രാവിലെ ഒമ്പത് മണിയോടെയാണ് അമ്പതോളം സൈനികർ ഇന്ത്യൻ മണ്ണിലേക്ക് തള്ളിക്കയറിയത്. കാലികളെ മേയ്ക്കുകയായിരുന്നവരോട് സ്ഥലംവിടാൻ നിർദേശിച്ച അവർ രണ്ടുമണിക്കൂറോളം ബാരാഹോതിയിൽ തങ്ങിയശേഷം തിരിച്ചുപോവുകയായിരുന്നു.
ഇന്ത്യൻ അതിർത്തിയിൽനിന്ന് ഒരുകിലോമീറ്റർ ഉള്ളിലാണ് ബാരാഹോതി . കഴിഞ്ഞ വർഷം ജൂലൈയിലും ഇതുപോലെ ചൈനീസ് പട്ടാളം ഇന്ത്യൻ അതിർത്തി കടന്ന് എത്തിയിരുന്നെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വിശദീകരിച്ചു. യഥാർഥ നിയന്ത്രണ രേഖയുടെ കാര്യത്തിൽ ഇരുരാജ്യങ്ങൾക്കും വ്യത്യസ്തനിലപാടുള്ള ഭാഗമാണിത്. രണ്ടു രാജ്യങ്ങളും തമ്മിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ചൈനയിൽ ജൂലൈ അവസാനം നടന്ന കൂടിക്കാഴ്ചകൾക്കുശേഷം അജിത് ഡോവൽ വിശദീകരിച്ചത്. ജൂണ്‍ ആദ്യം ചൈനയുടെ 2 സൈനിക ഹെലികോപ്റ്ററുകൾ അതിർത്തി കടന്നെത്തിയതിനെ കുറിച്ച് വ്യോമസേന അന്വേഷണം നടത്തിയിരുന്നു.ഇരു രാജ്യങ്ങളും സായുധ സേന സാനിധ്യം നിരോധിച്ച മേഖലയാണ് ബാരഹോതി.
Post Your Comments