ന്യൂഡൽഹി: എന്തിനും ഏതിനും ഫേസ്ബുക്കിൽ പോസ്റ്റിടുന്നവർ ശ്രദ്ധിക്കുക സുഹൃത്തുക്കള്‍ മാത്രമല്ല, ആദായനികുതിവകുപ്പും ഇതൊക്കെ കാണുന്നുണ്ട്. റിട്ടേണില്‍ കൊടുത്ത വരവിനനുസരിച്ചല്ല നിങ്ങളുടെ ചെലവെങ്കില്‍ ഒരുദിവസം ആദായനികുതിവകുപ്പുദ്യോഗസ്ഥര്‍ നിങ്ങളുടെ വീട്ടിലെത്തിയേക്കാം. കേന്ദ്രസര്‍ക്കാറിന്റെ ‘പ്രൊജക്ട് ഇന്‍സൈറ്റ്’ എന്ന പദ്ധതി വഴി നമ്മുടെ സാമൂഹികമാധ്യമ ജീവിതവും ആദായനികുതിവകുപ്പിന്റെ നിരീക്ഷണത്തിലാകും. ഇതുവരെ ബാങ്കുകള്‍, പണമിടപാട് സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍നിന്നുകൂടി ശേഖരിക്കാനാണ് ശ്രമം. ഓഫീസുകളും വീടുകളും റെയ്ഡ് ചെയ്യാതെതന്നെ നികുതിവെട്ടിപ്പ് പിടികൂടാന്‍ ഇത്തരം പരിശോധന വഴി സാധിക്കുമെന്നാണ് പ്രതീക്ഷ.
ഏഴുവര്‍ഷംകൊണ്ടാണ് പദ്ധതി വികസിപ്പിച്ചത്. ആയിരംകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആധാറിനും ജി.എസ്.ടി.ക്കും കിടപിടിക്കുന്ന പരിഷ്‌കാരമായാണ് ഇതിനെ വിലയിരുത്തുന്നത്. പദ്ധതി നടത്തിപ്പിന് എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക് ലിമിറ്റഡ് എന്ന സ്ഥാപനവുമായി കഴിഞ്ഞവര്‍ഷം കേന്ദ്രം കരാറിലെത്തിക്കഴിഞ്ഞു. ഓഗസ്റ്റിലാരംഭിക്കുന്ന ആദ്യഘട്ടത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം, ഓഹരിനിക്ഷേപങ്ങള്‍, മറ്റുനിക്ഷേപങ്ങള്‍, പണമിടപാടുകള്‍ തുടങ്ങിയവയുടെ നിരീക്ഷണവും ഈ പദ്ധതിയിലേക്ക് മാറും.
നികുതിയടയ്ക്കാത്തവരെ കണ്ടെത്തിയാല്‍ ഇ-മെയിലായോ തപാലിലോ റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള നിര്‍ദേശമെത്തും. ഡിസംബറോടുകൂടി രണ്ടാംഘട്ടം തുടങ്ങും. ലഭിച്ച വിവരങ്ങള്‍ വിശകലനംചെയ്ത് ഓരോ വ്യക്തിയുടെയും ചെലവുസംബന്ധിച്ച് രൂപരേഖയുണ്ടാക്കും. നികുതിവലയ്ക്ക് പുറത്തുള്ളവരെയും വരവിനുസരിച്ച് നികുതിയടയ്ക്കാത്തവരെയും ഇതുവഴി കൃത്യമായി കണ്ടെത്താനാവും നിലവിൽ ബെല്‍ജിയം, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഈ മാര്‍ഗം പിന്തുടരുന്നുണ്ട്.
Post Your Comments