വീടുപണി ആരംഭിക്കുന്ന എല്ലാരും അറിഞ്ഞിരിക്കേണ്ടതായ ചില വിവരങ്ങള്‍. വിദേശത്ത് കഴിയുന്ന എത്രയോ ആളുകളാണ് നാട്ടിലെ വീട് നിര്‍മ്മാണം അവരുടെ വിശ്വസ്തരെ ഏല്‍പ്പിക്കുന്നത്. അങ്ങനെയുള്ളവര്‍ ഇവിടെ എഴുതിയിരിക്കുന്ന ചില കാര്യങ്ങളെങ്കിലും വീട്ടുകാരോട് വിളിച്ച് അന്വേഷിക്കണം.
നാട്ടിലുള്ളവര്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ തീര്‍ച്ചയായും വീട് നിര്‍മ്മാണസമയത്ത് കൂടെ നിന്ന് അന്വേഷിക്കണം. ജോലിക്കാരുമായോ കോണ്‍ട്രാക്ടറുമായോ വഴക്ക് ഉണ്ടാകാതെ ശ്രദ്ധിക്കുകയും ചെയ്യണം. അവരുടെ തെറ്റുകള്‍ തന്മയത്വത്തോടെ ചൂണ്ടിക്കാണിക്കണം. ഇല്ലെങ്കില്‍ അവര്‍ നിങ്ങളുടെ വീടിന്‍റെ നിര്‍മ്മാണവേളയില്‍ എപ്പോഴെങ്കിലും നിങ്ങള്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്തുവെക്കും.
വീട് നിര്‍മ്മാണം എന്നത് എപ്പോഴും ഉണ്ടാകില്ല. അതിനാല്‍ ഇത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വീടുപണി കഴിഞ്ഞ് പാലുകാച്ച് സമയത്ത് നിര്‍മ്മാണത്തില്‍ പങ്കാളികളായ എല്ലാര്‍ക്കും നിങ്ങളെക്കൊണ്ട് കഴിയുന്ന ഓരോ ചെറിയ സമ്മാനമെങ്കിലും നല്‍കണം.
നിര്‍മ്മാണസമയത്ത് ജോലിക്കാര്‍ക്ക് ചായ, വെള്ളം എന്നിവ നല്‍കാന്‍ മറക്കരുത് (കരാറില്‍ ഇല്ലെങ്കിലും). നിര്‍മ്മാണത്തിന്‍റെ ഒരു ഘട്ടത്തിലും ജോലിക്കാര്‍ക്ക് മദ്യസേവ നടത്തരുത്. കോണ്‍ക്രീറ്റ് ചെയ്യാന്‍ വരുന്നവര്‍ പല ‘അടവുകളും’ നിങ്ങളോട് മദ്യം വാങ്ങുന്നതിനായി പറഞ്ഞെന്നിരിക്കും. അപ്പോള്‍ നിങ്ങള്‍ പറയേണ്ടത്, “ഇരട്ടി ശമ്പളം നല്‍കിയാണ് നിങ്ങളെ കോണ്‍ക്രീറ്റ് ചെയ്യിക്കാനായി ഞങ്ങള്‍ വിളിച്ചിരിക്കുന്നത്, അതുകൊണ്ട് നിങ്ങളാണ് ഞങ്ങള്‍ക്ക് ഇന്ന് ചെലവ് ചെയ്യേണ്ടത്” എന്നാണ്. ഇപ്പോള്‍ ആരും കോണ്‍ക്രീറ്റ് ജോലിക്ക് വരുന്നവര്‍ക്ക് മദ്യം വാങ്ങി നല്‍കാറില്ല. അത് ശുഭപ്രദമായ ഒരു കാര്യവുമല്ല.
Post Your Comments