തിരുവനന്തപുരം: പ്രതികാരബുദ്ധിയോടെ സെൻകുമാറിനെ പൂട്ടാൻ പുതിയ കേസുകളുമായി പോലീസ് വകുപ്പ്. സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. വ്യാജരേഖയുണ്ടാക്കി സാമ്പത്തികനേട്ടമുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കാൻ തീരുമാനിച്ചത്. എട്ടുമാസം മെഡിക്കല്‍ അവധിയിലായിരുന്നെന്ന നിലയില്‍ വ്യാജരേഖയുണ്ടാക്കി സര്‍ക്കാരില്‍നിന്ന് എട്ടുലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സെന്‍കുമാറിനെതിരെ വിജിലന്‍സ് പരിശോധനയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ജൂലായ് 21-ന് ശുപാര്‍ശ ചെയ്തു.
ഇത് പിറ്റേദിവസംതന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ച് തുടര്‍നടപടിക്ക് നിര്‍ദേശിച്ചു. വിഷയത്തില്‍ പ്രതികരണത്തിനായി സെന്‍കുമാറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തി, മതസ്പര്‍ധ വളര്‍ത്തുംവിധത്തില്‍ പരാമര്‍ശങ്ങള്‍ നടത്തി എന്നീ ആരോപണങ്ങളില്‍ സെന്‍കുമാര്‍ അന്വേഷണം നേരിടുകയാണ്. ഇതിനു പുറമെയാണ് വ്യാജരേഖാ കേസ്. വിജിലന്‍സ് ഡിവൈ.എസ്.പി. ബിജിമോനാണ് പ്രാഥമികാന്വേഷണം നടത്തിയത്.
30 വര്‍ഷം ജോലിചെയ്തു പരിചയമുള്ള സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. അദ്ദേഹം പകുതിശമ്പളത്തില്‍ അവധി കഴിഞ്ഞു മടങ്ങിയെത്തിയശേഷം മുഴുവന്‍ ശമ്പളത്തോടെ മെഡിക്കല്‍ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മെഡിക്കല്‍ അവധിക്കായി സെന്‍കുമാര്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമെന്നാണ് വിജിലൻസ് പറയുന്നത്. തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ രേഖകള്‍ പരിശോധിച്ചും സെന്‍കുമാറിന്റെ ഫോണ്‍രേഖകള്‍ പരിശോധിച്ചുമാണ് ഈ നിഗമനത്തില്‍ ഇവർ എത്തിയത്. ആയുര്‍വേദാശുപത്രിയില്‍ ചികിത്സയ്ക്കായി ഡോക്ടറെ കാണാനെത്തിയെന്ന് അവകാശപ്പെടുന്ന ചില ദിവസങ്ങളില്‍ സെന്‍കുമാര്‍ അന്നമനട, കൊല്ലം, എറണാകുളം എന്നിവിടങ്ങളിലായിരുന്നു. ഡോക്ടറും സെന്‍കുമാറും ഒരു ടവര്‍ ലൊക്കേഷനിലായിരുന്നില്ല.
അതുപോലെ ചികിത്സയിലായിരുന്ന എട്ടുമാസം രണ്ടു മരുന്നുകള്‍ മാത്രമാണ് ആശുപത്രിയില്‍നിന്ന് നല്‍കിയത്. ആയുര്‍വേദാശുപത്രിയില്‍ ഒ.പി. വിഭാഗമുള്ളത് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ്. സെന്‍കുമാറിനു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിരിക്കുന്നത് ഈ ദിവസങ്ങളിലല്ല.
നേട്ടത്തിനായി വ്യാജരേഖ നിര്‍മിച്ചതിന്റെ പേരിൽ ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 465, അതുപോലെ വ്യാജരേഖ നിര്‍മിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ച കേസ് ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 468 പ്രകാരം, കൂടാതെ വ്യാജരേഖ അസല്‍ എന്ന നിലയില്‍ ഉപയോഗിച്ചതിന്റെ പേരിൽ ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 471 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്യുക.
Post Your Comments