കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി കാവ്യയുടെ ഡ്രൈവറായി രണ്ടു മാസം ജോലി ചെയ്തിരുന്നെന്ന വെളിപ്പെടുത്തലുമായി സുനി. എന്നാൽ ഇത് കാവ്യ നിഷേധിച്ചു. സുനിലിനെ അറിയില്ലെന്നായിരുന്നു കാവ്യ നേരത്തെ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്.ദിലീപും കാവ്യാ മാധവനും ഒരുമിച്ചഭിനയിച്ച ‘പിന്നെയും’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് കാവ്യ, പൾസർ സുനിയെ കാണുന്നത്. കാവ്യ സഞ്ചരിച്ച കാറിന്റെ ഡ്രൈവറായി എത്തിയത് പൾസറായിരുന്നു.
എന്നാൽ, തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലിൽ പൾസറിനെ അറിയില്ലെന്നായിരുന്നു കാവ്യ പറഞ്ഞത്. കാവ്യയുടെ മൊഴി ശരിയാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിനായി കാവ്യയുമായി അടുപ്പമുള്ള കൂടുതലാളുകളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. നേരത്തെ ആലുവയിലെ ദിലീപിന്റെ വീട്ടിൽ വച്ച് രാവിലെ പതിനൊന്നിന് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് അഞ്ച് മണിവരെ നീണ്ടിരുന്നു. കാവ്യയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് അന്ന് തന്നെ പൊലീസ് സൂചന നൽകിയിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്യും.ഡ്രൈവറായി എത്തിയിട്ടുണ്ടെങ്കിൽ കാവ്യാ മാധവൻ പൾസർ സുനിയെ നിരവധി തവണ കണ്ടിരിക്കണമെന്നാണ് പൊലീസിന്റെ നിഗമനം. എന്നിട്ടും സുനിയെ അറിയില്ലെന്ന് കാവ്യ പറഞ്ഞത് എന്തുകൊണ്ടാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, നടൻ മുകേഷ് എംഎൽഎ, കാവ്യയുടെ അമ്മ ശ്യാമള, ടി.വി അവതാരക റിമി ടോമി എന്നിവരേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും.
Post Your Comments