കൊച്ചി: കര്‍ക്കടകമാസത്തിലും മഴ കുറഞ്ഞതോടെ സംസ്ഥാനം കടുത്ത വൈദ്യുതിപ്രതിസന്ധിയില്‍. പവര്‍ എക്സ്ചേഞ്ചില്‍നിന്ന് ദിവസേന കൂടുതല്‍ വിലയ്ക്ക് വൈദ്യുതിവാങ്ങിയാണ് ഇപ്പോള്‍ പ്രശ്നം പരിഹരിക്കുന്നത്. യൂണിറ്റിന് അഞ്ചരരൂപവരെയാണ് ഇപ്പോള്‍ കൊടുക്കേണ്ടിവരുന്നത്. സാധാരണ നാലുരൂപയോളമാണ് ചെലവ്. മൂന്നുദിവസം മുമ്പ് അപ്രതീക്ഷിത കുറവുണ്ടായപ്പോഴാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമായത്. താല്‍ച്ചര്‍, നെയ്‌വേലി രാമഗുണ്ടം, മെയ്ത്തോണ്‍ എന്നിവിടങ്ങളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 250 മെഗാവാട്ടിന്റെ കുറവുണ്ടായി. ഇടുക്കിയില്‍ വെള്ളം കുറവായിട്ടുപോലും ബുധനാഴ്ച 60.76 ലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കേണ്ടിവന്നു.
ചൊവ്വാഴ്ചമുതലാണ് പ്രശ്നം തുടങ്ങിയത്. ബുധനാഴ്ച കേരളത്തില്‍ ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് വൈദ്യുതി ഉത്പാദിപ്പിച്ചു. ഏതാണ്ട് 10-15 ശതമാനത്തില്‍ നിര്‍ത്തിയിരുന്ന ഉത്പാദനമാണ് കുത്തനെ കൂട്ടിയത്. ഉപഭോഗം കൂടിയസമയത്ത് 15 മിനിട്ടോളം ലോഡ്ഷെഡ്ഡിങ് ഏര്‍പ്പെടുത്തി. ഒന്നോ രണ്ടോ ദിവസം ഈ നില തുടരേണ്ടിവരുമെന്ന് വന്നതോടെയാണ് കൂടുതല്‍ വിലകൊടുത്ത് പവര്‍ എക്സ്ചേഞ്ചില്‍നിന്ന് പ്രതിദിനലേലത്തിലൂടെ വൈദ്യുതി വാങ്ങിയത്.
തെക്കേയിന്ത്യയില്‍ കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെല്ലാം മഴക്കുറവ് കാരണം വൈദ്യുതി പ്രതിസന്ധിയുണ്ട്. തമിഴ്നാട്ടില്‍ താരതമ്യേന സ്ഥിതി ഭേദമാണ്. എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ച് ആവശ്യക്കാരായതോടെയാണ് ലേലവില ഉയര്‍ന്നത്. ഈ വര്‍ഷം ആവശ്യത്തിന് വൈദ്യുതിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ കല്‍ക്കരി ഉപയോഗിക്കുന്ന വൈദ്യുതിനിലയങ്ങളുമായി സംസ്ഥാനം കാര്യമായി ദീര്‍ഘകാലകരാറില്‍ ഏര്‍പ്പെട്ടിരുന്നില്ല. ഇങ്ങനെ കരാറുണ്ടാക്കിയാല്‍ ആവശ്യമില്ലെങ്കിലും വില നല്‍കേണ്ടിവരും. മഴപെയ്താല്‍ രണ്ട് ഗുണമാണ്. അണക്കെട്ടുകള്‍ നിറയും. വൈദ്യുതിയുടെ ഉപയോഗം കുറയും. ജൂലായില്‍ സാധാരണ 600-610 ലക്ഷം യൂണിറ്റ് വൈദ്യുതിയേ ദിവസേന വേണ്ടിവരാറുള്ളൂ. എന്നാല്‍, വ്യാഴാഴ്ചത്തെ ഉപഭോഗം 664 ലക്ഷം യൂണിറ്റാണ്. ഈനില തുടര്‍ന്നാല്‍ അടുത്ത ദിവസങ്ങളില്‍ വേനലിനുസമാനമായി വൈദ്യുതി ആവശ്യം വരുമെന്നാണ് അധികൃതര്‍ കരുതുന്നത്.
ജൂലായില്‍ 15,000 ലക്ഷം യൂണിറ്റിനുള്ള വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടുകളില്‍ കിട്ടേണ്ടതാണ്. കിട്ടിയത് ഏതാണ്ട് 6000 ലക്ഷം യൂണിറ്റിനുള്ള വെള്ളംമാത്രം. ഓണമെത്തുന്നതിനുമുമ്പ് കനത്ത മഴ ലഭിച്ചില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകുമെന്ന് അധികൃതര്‍ പറയുന്നു.
Post Your Comments