Latest NewsWomenLife StyleHealth & FitnessSpecialsReader's Corner

അശുദ്ധമാണോ ആര്‍ത്തവ രക്തം?

സ്ത്രീ സമൂഹത്തെ വ്യത്യസ്തമായ രീതിയിൽ വ്യാഖ്യാനിക്കുന്ന ഒരു ലോകത്താണ് ഞാനും നിങ്ങളും ജീവിക്കുന്നത്. പണ്ടുതൊട്ടു പറഞ്ഞുകേട്ട,അല്ലെങ്കിൽ ചെയ്തു വന്ന ഓരോ കാര്യങ്ങളും സൂക്ഷിച്ചുനോക്കുമ്പോൾ നമുക്കൊരു കാര്യം വ്യക്തമായി കാണാം. സമൂഹത്തിൽ നിലനിൽക്കുന്ന, അല്ലെങ്കിൽ എല്ലാവരും ശീലിച്ചു വരുന്ന ഒരുപാട് ആചാരങ്ങൾ,അതിനു അതിന്റേതായ രീതിയിൽ വ്യത്യസ്തമായ തലങ്ങളും രീതികളും ഉണ്ടാവും.

മണ്ണിൽ പിറന്നു വീഴുന്ന മനുഷ്യ ജന്മങ്ങൾക്ക് തുല്യത കൊടുക്കേണ്ടത് പ്രകൃതിയെ ചൂഷണം ചെയ്തു ജീവിക്കുന്ന ഞാനും നിങ്ങളും തന്നെയാണ്. അടുത്തിടെയായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് സ്ത്രീയും അവളുടെ ആർത്തവ സമയവും. അടിവയറ്റിൽ ഉണ്ടാവുന്ന വേദനയെ കുറിച്ചു സ്വന്തം കൂട്ടുകാരോട് പോലും പറയാൻ മടിക്കുന്ന കുട്ടികൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്. എന്തോ ചെയ്യാൻ പാടില്ലാത്ത, അല്ലെങ്കിൽ ആരും അറിയാതെ സൂക്ഷിക്കേണ്ട ഒന്നാണെന്ന് കരുതി എത്ര കാലം ഇവിടെ ജീവിക്കും. ഇതിനൊക്കെയുള്ള ഉത്തരം എന്ന നിലയിലാണ് അടുത്തിടെ സംഭവിച്ച കുറേ സംഭവ വികാസങ്ങളെ നാം വിലയിരുത്തേണ്ടത്. ആർത്തവ സമയത്ത് ശമ്പളത്തോട് കൂടി തന്നെ ലീവ് എടുക്കാമെന്ന് ആദ്യമായി പറഞ്ഞത് മുംബൈയിലെ മാധ്യമ സ്ഥാപനമായ കൾച്ചറൽ മെഷീൻ ആണ്. കമ്പനിയുടെ തീരുമാന പ്രകാരം 75 വനിതാ ഉദ്യോഗസ്ഥർക്കാണു ആർത്തവത്തിന്റെ ആദ്യ ദിവസം ലീവ് ലഭിക്കുന്നത്.

സമൂഹത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനം എന്താണെന്ന് ആദ്യമേ സ്ത്രീകൾ തന്നെ തിരിച്ചറിയണം.അമ്മമാരും പെങ്ങമ്മാരുമായി ഒതുങ്ങേണ്ടതല്ല ഇന്നത്തെ സ്ത്രീ ശബ്ദങ്ങൾ. പലപ്പോഴും പല കാര്യങ്ങളും ചർച്ച ചെയ്യാൻ ഇവരെന്തിനാണ് മടിക്കുന്നത്. പല കോഡുകൾ ഉപയോഗിച്ച് തനിക്ക് വയറുവേദന ആണെന്നും സാധനം ഉണ്ടോ എന്നൊക്കെ ചോദിക്കുന്നത് എന്തിനാണെന്ന് ഇപ്പോഴും മനസിലാവുന്നില്ല. എന്തും തുറന്നു പറയാനും ചോദിക്കാനും സ്ത്രീ സമൂഹം മുന്നിലേക്ക് വരണം.കഴിഞ്ഞ ഒരു വർഷമായി കേരളത്തിൽ ആർത്തവത്തെകുറിച്ചു തുറന്ന ചർച്ചകൾ നടക്കുന്നുണ്ട്. തണൽ,റെഡ് സൈക്കിൾ,ഹൈക്കു തുടങ്ങിയ സംഘടനകൾ ഇതിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ടുണ്ട്.

എങ്കിൽ പോലും ഇനിയും സമൂഹത്തിൽ മാറ്റങ്ങൾ വരാനുണ്ട്. കേരളത്തിലെ പല സ്ഥാപനങ്ങളും ഇങ്ങനെ അവധിയൊക്കെ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും മാറേണ്ടത് സ്ത്രീകളുടെ മനസ്സും പ്രവർത്തനങ്ങളും ഇച്ഛാശക്തിയും ഒക്കെയാണ്. ആർത്തവമിഥ്യകളെ തുടച്ചു നീക്കി സമാന്തരവും സുരക്ഷിതത്വവും പ്രകൃതിക്ക് അപകടമുണ്ടാവാത്തതുമായ ആർത്തവ ശുചിത്വ ശീലങ്ങൾ ചർച്ച ചെയ്യാൻ ഓരോ സ്ത്രീയും തയ്യാറാവണം, അതിനായി മുന്നിലേക്ക് വരുക തന്നെ വേണം.ഭാര്യമാരെ തിരഞ്ഞെടുക്കാനും അതുവഴി ദാമ്പത്യ ജീവിതം വളരെക്കാലം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകാനും സൂത്രവാക്യം ഗവേഷകര്‍ കണ്ടുപിടിച്ചെന്നു അവകാശപ്പെട്ടോട്ടെ. നിലനില്‍ക്കുന്ന അല്ലെങ്കില്‍ പഴയ രീതിയില്‍ സംവദിക്കുന്ന കാലം കഴിഞ്ഞെന്നു ഉറക്കെ പ്രഖ്യാപിച്ച് മുന്നേറാന്‍ ഓരോ സ്ത്രീകള്‍ക്കും കഴിയണം.അതെ, ആര്‍ത്തവ രക്തം അശുദ്ധമല്ല!

shortlink

Related Articles

Post Your Comments

Related Articles


Back to top button