Latest NewsNewsIndia

കന്യാകുമാരിയില്‍നിന്ന് പഞ്ചാബിലേക്ക് ഒരു സംഘത്തിന്റെ കാല്‍നട യാത്ര; ലക്ഷ്യം ഇതാണ്

ഹരിപ്പാട്: കന്യാകുമാരിയില്‍നിന്ന് പഞ്ചാബിലേക്ക് ഒരു സംഘത്തിന്റെ കാല്‍നട യാത്ര. പത്തുമാസം കൊണ്ടാണ് അവർ ഈ ആറായിരം കിലോമീറ്റര്‍ താണ്ടാൻ പോകുന്നത്. പഞ്ചാബുകാരായ ബഹാദൂര്‍സിങും ജസവീര്‍ സിങ്ങും ബ്രിട്ടീഷുകാരനായ ഡേവിഡ് അഥോവും ചേർന്നാണ് യാത്ര. യാത്രയുടെ പ്രധാന ലക്ഷ്യം കര്‍ഷക ആത്മഹത്യയുടെ കാരണങ്ങള്‍ പൊതുസമൂഹവുമായി പങ്കുവയ്ക്കുകയാണ്.
 
കാലാവസ്ഥാ വ്യതിയാനം, വിളനാശം, കുറഞ്ഞ വില, ഇടനിലക്കാരുടെ ചൂഷണം, കര്‍ഷകര്‍ ജീവനൊടുക്കുന്നതിനുള്ള കാരണങ്ങള്‍ എല്ലായിടത്തും ഒന്നുതന്നെ. ആത്മഹത്യയില്‍ അഭയം തേടിയ കര്‍ഷകരുടെ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ഫണ്ട് ശേഖരണവും ഇവര്‍ ലക്ഷ്യമിടുന്നു.
 
ജൂലായ് 15ന് കന്യാകുമാരിയിലെ സുനാമി സ്മൃതിമണ്ഡപത്തില്‍നിന്നാണ് മൂവര്‍ സംഘം നടന്നുതുടങ്ങിയത്. അടുത്തവര്‍ഷം മേയ് പകുതിയോടെ യാത്ര പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഒരു ദിവസം 30 കിലോമീറ്റര്‍ വീതം നടക്കാനാണ് ഇവർ ഉദ്ദേശിക്കുന്നത്. യാത്രയ്ക്കിടെ കാണുന്നവരുമായെല്ലാം സംസാരിക്കും. നാട്ടിലെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയും. സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലുമെല്ലാം കയറിയിറങ്ങും. വൈകുന്നേരം എവിടെയെങ്കിലും കിടന്നുറങ്ങും. ആരെങ്കിലും അഭയം നല്‍കിയാല്‍ അതും സ്വീകരിക്കും. കിട്ടുന്നതെന്തും കഴിക്കും. രാവിലെയാത്ര തുടരും.
 
പഞ്ചാബില്‍ എന്‍.ജി.ഒ.കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ബഹാദൂര്‍ സിങ്ങും ജസ്വീര്‍ സിങ്ങും. ഡേവിഡ് ഇന്‍ഡൊനീഷ്യയില്‍ സ്ഥിരതാമസമാണ്. പഞ്ചാബിയായ ഒരു സുഹൃത്ത് വഴിയാണ് ഡേവിഡ് ജസ്വീര്‍ സിങ്ങിനെ പരിചയപ്പെടുന്നത്. സമാനചിന്താഗതിക്കാരായ ഇവര്‍ ഒന്നിച്ചെടുത്ത തീരുമാനമാണ് ഈ യാത്ര.
 
പുഞ്ചിരി സമ്പാദിക്കൂ, അവ സമ്മാനിക്കൂ എന്ന മുദ്രാവാക്യവുമായി ഡേവിഡ് വിവിധ രാജ്യങ്ങളില്‍ കാല്‍നടയാത്രകള്‍ നടത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള യാത്രയിലും ഡേവിഡ് പുഞ്ചിരിയുടെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നു. നമ്മള്‍ സമ്പാദിക്കുന്ന പുഞ്ചിരി മറ്റുള്ളവര്‍ക്ക് സമ്മാനിക്കാന്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button