KeralaLatest NewsNews

പെട്രോള്‍ പമ്പുകള്‍ വ്യാഴാഴ്ച അടച്ചിടും

കോട്ടയം: ലോഡിനായി പണം മുന്‍കൂര്‍ അടച്ചിട്ടും പെട്രോളെത്തിക്കാന്‍ തയ്യാറാവാത്ത ടാങ്കര്‍ ലോറി ഡ്രൈവര്‍മാരുടെ നടപടിയില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ വ്യാഴാഴ്ച അടച്ചിടുമെന്ന് കോട്ടയം ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍. ഓയില്‍ കമ്പനികളും ഡീലര്‍മാരും തമ്മില്‍ ഒപ്പുവയ്ക്കുന്ന ഡീലര്‍ഷിപ്പ് കരാര്‍ അനുസരിച്ച് പമ്പുകളിലെ ലോഡ് യഥാസമയമെത്തിക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട ഓയില്‍ കമ്പനികള്‍ക്കാണ്.

എന്നാല്‍, തൊഴിലാളി യൂണിയനുകളുടെ സമ്മര്‍ദത്തിന് വഴങ്ങി ഓയില്‍ കമ്പനികള്‍ ഡിപ്പോകളിലുള്ള ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പമ്പുകളിലേക്കുള്ള സപ്ലൈ നിര്‍ത്തിവയ്ക്കുകയാണ്. ഈ പ്രവണത ആശാസ്യകരമല്ല. കൂടാതെ ഓയില്‍ കമ്പനികള്‍ യാതൊരു മാനദണ്ഡവുമില്ലാതെ പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങുന്നതിലൂടെ അനാരോഗ്യകരമായ മല്‍സരം ഈ രംഗത്തുണ്ടായിരിക്കുകയാണ്.

ദിനംപ്രതി വിലമാറ്റമെന്ന പരിഷ്‌കാരം അശാസ്ത്രീയമായാണ് നടപ്പാക്കിയത്. ഇതിനെത്തുടര്‍ന്നാണ് സൂചനാ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ സൂചനാ പണിമുടക്കുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ കേരളത്തില്‍ വ്യാപകമായി പമ്പുകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരത്തിലേക്ക് പോവും.

ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നീ കമ്പനികളുടെ പമ്പുകളാണ് പണിമുടക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച നടക്കുന്ന പണിമുടക്ക് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു. അസോസിയേഷന്‍ പ്രസിഡന്റ് ലൂക്ക് തോമസ്, സെക്രട്ടറി ജേക്കബ് ചാക്കോ, ട്രഷറര്‍ സഖറിയ രഞ്ജിത്കുമാര്‍, സുനില്‍ എബ്രഹാം, ജൂബി അലക്‌സ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button