അങ്കമാലി: രാജ്യത്ത് ഏറെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഡല്‍ഹിയില്‍ ഉണ്ടായ നിര്‍ഭയ കേസ്. ആ നിര്‍ഭയ കേസിനെക്കാള്‍ ഏറെ ഗൗരവമുള്ളതാണ് നടിയെ ആക്രമിച്ച കേസെന്ന് പ്രോസിക്യൂഷന്‍. കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന്റെ(പള്‍സര്‍ സുനി) ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വാദം നടത്തവേയാണ് പ്രോസിക്യൂഷന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
നടി മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴി പ്രതിഭാഗത്തിന് നല്‍കരുതെന്നും രഹസ്യസ്വഭാവമുള്ള രേഖകള്‍ പുറത്തുവരുന്നത് വളരെ വേഗം പ്രചരിക്കാനിടയാകുമെന്നും ഇത് കേസിനെയും ഇരയെയും ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
മൊഴി തുറന്ന കോടതിയില്‍ രേഖപ്പെടുത്താനാകില്ലെന്നും കോടതിനടപടികള്‍ രഹസ്യമാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. സുനിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സുനിയെ പ്രതിയാക്കിയിരിക്കുന്നത്. തൃശ്ശൂര്‍ മുതല്‍ കൊച്ചിവരെയുള്ള ദേശീയപാതയില്‍ തിരക്കേറിയ സമയത്ത് നടന്ന കുറ്റകൃത്യത്തില്‍ കുറ്റം ആരോപിക്കപ്പെട്ടവരല്ലാതെ സാക്ഷികളില്ല എന്ന വാദമാണ് പ്രതിഭാഗം ഉയര്‍ത്തിയത്.
കേസുമായി ബന്ധപ്പെട്ട എല്ലാരേഖകളും കിട്ടിയിട്ടില്ലെന്നും ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ സുനിക്കെതിരെ തെളിവില്ലെന്നും ജാമ്യം നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
Post Your Comments