കളിക്കളത്തില്‍ നിന്നും നായകനിലേക്ക് മാറിയിരിക്കുകയാണ് ശ്രീശാന്ത്. ശ്രീശാന്ത് ചിത്രമായ ‘ടീം ഫൈവ്’ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. എന്നായാല്‍ ചിത്രത്തിനു വേണ്ട പ്രൊമോഷന് വേണ്ടി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പോസ്റ്ററുകള്‍ ഒട്ടിക്കുന്നില്ലയെന്നു പരാതിയുണ്ട്. ഈ ആരോപണം സത്യമാണെന്നും തന്‍റെ ആദ്യ ചിത്രത്തിനും സമാന അനുഭവം ഉണ്ടായെന്നും തുറന്ന് പറഞ്ഞ് സംവിധായകന്‍ ഒമര്‍ ലുലുവും രംഗത്തെത്തി. ശ്രീശാന്തിനെ നായകനാക്കി നവാഗതനായ സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്ത ടീം ഫൈവിന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പബ്ലിസിറ്റി നല്‍കുന്നില്ലെന്ന് ആരോപിച്ച് നിര്‍മാതാവ് രാജ് സഖറിയ രംഗത്തെത്തിയിരുന്നു. മലയാള സിനിമ എടുക്കുന്നതും ട്രെയിനിന് തലവെക്കുന്നതും ഒരുപോലെയാണെന്നും ഇനി മലയാളത്തില്‍ സിനിമ എടുക്കുന്നില്ലെന്നും രാജ് പറഞ്ഞിരുന്നു.
വലിയ താരങ്ങള്‍ ഇല്ലാത്തതോ വലിയ ബാനറുകളുടെ കീഴിലല്ലാത്തതോ ആയ ചിത്രങ്ങളുടെ പോസ്റ്ററുകള്‍ ഒട്ടിക്കുന്നതില്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന് വിമുഖത ഉണ്ടെന്നത് സത്യമാണെന്ന് ഒമര്‍ ലുലു പറയുന്നു. എന്റെ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്ചയില്‍ പോസ്റ്ററുകള്‍ തീരെ കുറവായിരുന്നു. ഇതേത്തുടര്‍ന്ന് ഞങ്ങള്‍ നേരിട്ടിറങ്ങി പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നുവെന്ന് ഒമര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍, ഇതിന്റെ പേരില്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനില്‍ ഫൈന്‍ അടയ്‌ക്കേണ്ടിവന്നു. സിനിമയ്ക്ക് നല്ല പ്രതികരണം ലഭിച്ചു തുടങ്ങിയതോടെ അസോസിയേഷന്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ തയ്യാറായതെന്നും പറയുന്നു.
Post Your Comments