ന്യൂയോര്‍ക്ക് : ലോകമെമ്പാടും ഇന്നും ഭയത്തോടെ ഉച്ഛരിയ്ക്കുന്ന പദമാണ് കാന്‍സര്‍. എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വന്നിരിയ്ക്കുന്നു. കാന്‍സറിനെതിരെ ജീന്‍ തെറാപ്പി എന്ന ആശയമാണ് ഗവേഷകര്‍ രംഗത്ത് കൊണ്ടുവന്നിരിയ്ക്കുന്നത്. ജീവിക്കുന്ന മരുന്ന് എന്ന വിശേഷണമാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ അതിനു നല്‍കിയിരിക്കുന്നത്. നാളെ അത് ലക്ഷക്കണക്കിനു കാന്‍സര്‍ രോഗികള്‍ക്ക് അമൃതായിത്തീര്‍ന്നേക്കാം.
ജീന്‍ തെറാപ്പി വഴി കാന്‍സറിനെ സുഖപ്പെടുത്തുന്ന ചികിത്സയെയാണ് ജീവിക്കുന്ന മരുന്ന് എന്ന പേരില്‍ പ്രസിദ്ധമാകാന്‍ പോകുന്നതെന്നാണ് അമേരിക്കയിലെ ഇതുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരും മറ്റും പറയുന്നത്. അടുത്ത ചില മാസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ക്കു വേഗം കൂടുമെന്നാണ് കരുതുന്നത്. അതുവഴി വിവിധ കാന്‍സര്‍ ചികിത്സകള്‍ക്ക് പുതിയ വാതിലുകള്‍ തുറന്നേക്കാം.
ഇപ്പോള്‍ രക്താര്‍ബുദത്തിനെതിരെയാണ് ഇത്തരം പരീക്ഷണം നടക്കുന്നതെങ്കിലും ഭാവിയില്‍ സ്തനം, പ്രോസ്റ്റേറ്റ്, ഗര്‍ഭാശയം, കരള്‍, ശ്വാസകോശം എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന മാരക ക്യാന്‍സറിന് അനുയോജ്യ ചികിത്സയായിത്തീരാമെന്ന പ്രതീക്ഷയും ഉണ്ട്.
കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുന്ന ഈ ചികിത്സാ പദ്ധതിയുടെ പിന്നാലെയാണ് അമേരിക്കയിലെ വിവിധ യൂണിവേഴ്‌സിറ്റികളും കമ്പനികളും എന്നാണ് റിപ്പോര്‍ട്ട്. ഫിലാഡല്‍ഫിയയില്‍ കുട്ടികളെ ചികിത്സിക്കുന്ന ഡോ.സ്റ്റീഫന്‍ ഗ്രപ് പറയുന്നത് കുട്ടികളിലെ രക്താര്‍ബുദ ചികിത്സയ്ക്ക് ജീന്‍ തെറാപ്പി മുന്‍പത്തെക്കാളും വലിയ മാറ്റം ഉണ്ടാക്കുമെന്നാണ്. എന്നാല്‍ ഇന്നോ നാളെയോ ഈ ചികിത്സ ഫലപ്രദമാകില്ല, കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും.
Post Your Comments