Latest NewsKeralaNewsIndiaLife StyleReader's Corner

ചായ ഉണ്ടായതിങ്ങനെയാണ്

നമ്മള്‍ എല്ലാവരും ഒരു ദിവസം തുടങ്ങുന്നത് ചായ കുടിച്ചു കൊണ്ടാണ്. ഈ ചായ കുടി എങ്ങനെയാണ് തുടങ്ങിയതെന്നോ ചായ കണ്ടുപിടിച്ചത് ആരാണെന്നോ നമ്മള്‍ ചിന്തിക്കാറില്ല. ചായയുടെ കണ്ടുപിടിത്തത്തിന് പിന്നില്‍ ഒരു കഥയുണ്ട്. ആ കഥ ഇങ്ങനെയാണ്

ചായയുടെ ചരിത്രം ആരംഭിക്കുന്നത് ഏകദേശം 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയിലാണ്. B.C. 2737ൽ ചൈനീസ് ചക്രവർത്തിയും സസ്യശാസ്ത്ര വിദഗ്ദനുമായിരുന്ന ഷെൻ നങ് ഒരിക്കൽ കാട്ടിൽ വിശ്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പരിചാരകൻ വെള്ളം തിളപ്പിക്കുമ്പോൾ തൊട്ടടുത്തു നിന്ന ചെടിയുടെ ഇലകൾ കാറ്റില്‍ വെള്ളത്തിലേക്കു വീണു. താമസിയാതെ ചുടുവെള്ളം തവിട്ട് നിറമാകുകയും ചെയ്തു. ഈ വെള്ളം കുടിച്ച ചക്രവര്‍ത്തിക്ക് ഉന്മേഷം തോന്നുകയും ചെയ്തു. ഇലകൾ വീണ തിളച്ച വെള്ളമാണ് പിന്നീട് ചായ എന്നറിയപ്പെട്ടതെന്നാണ് ഐതീഹ്യം .

ചായയുടെ ഉത്ഭവം എങ്ങനെ ആയാലും പിന്നീട് ചായ ചൈനക്കാരുടെ ദേശീയ പാനീയമായി മാറി. എട്ടാം നൂറ്റാണ്ടിൽ ലു യു എന്ന എഴുത്തുകാരൻ ചായയെക്കുറിച്ചൊരു പുസ്തകമെഴുതി Ch’a Ching (Tea Classic) എന്നായിരുന്നു പുസ്തകത്തിന്റെ പേര് .

ബുദ്ധമതം പഠിക്കാനായി ചൈനയിലെത്തിയ ജപ്പാനീസ് ഭിക്ഷുക്കളാണ് ചായ ജപ്പാനിൽ പരിചയപ്പെടുത്തിയത്. താമസിയാതെ ജപ്പാന്റെ മത സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി ചായ മാറി. കൊറിയയിൽ 661 AD മുതൽ ചായ മത ചടങ്ങുകളുടെ ഭാഗമായി. രാജാക്കന്മാരും പ്രഭുക്കന്മാരും ബുദ്ധഭിക്ഷുക്കൾക്കും ക്ഷേത്രങ്ങളിലും ചായ സമർപ്പിച്ചിരുന്നു. ബുദ്ധഭിക്ഷുക്കൾ ധ്യാനത്തിനും എകാഗ്രതയ്ക്കും ചായ ഗുണപരമാണെന്നു വിശ്വസിച്ചിരുന്നു.

കിഴക്കിലേക്കു കച്ചവടത്തിനും മതപ്രചരണത്തിനുമായി വന്ന പറങ്കികളാണ് ആദ്യമായി ചായ രുചിച്ച യൂറോപ്യന്മാർ. ഇതൊരു വ്യാപാരമായി വളര്‍ത്തി എടുത്തത് ഡച്ചുകാരായിരുന്നു. 1606ൽ ജാവയിൽ സ്ഥാപിച്ച വ്യാപാര കേന്ദ്രത്തിൽ നിന്ന് അവർ യൂറോപ്പിലേക്കു ചായ കയറ്റുമതി ആരംഭിച്ചു. ബ്രിട്ടനിൽ ചായക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തി കാണുന്നത് 1658 സെപ്റ്റംബറിൽ Mercurius Politicus എന്ന പത്രത്തില്‍ Tcha എന്ന ചൈനീസ് പാനീയത്തെക്കുറിച്ചുള്ള പരസ്യത്തിലാണ്. ചായയുടെ ബ്രിട്ടീഷ് ചരിത്രം മാറുന്നത് ചായപ്രിയയായിരുന്ന പോർച്ചുഗീസ് രാജകുമാരിയായിരുന്ന കാതറിനെ ചാൾസ് രണ്ടാമൻ വിവാഹം കഴിക്കുന്നതോടുകൂടിയാണ്. താമസിയാതെ ചായ ബ്രിട്ടീഷുകാരുടെ ഇഷ്ടപാനീയമായി മാറി.
1839ൽ ആസ്സാമിലാണ് ഇന്ത്യയിൽ ബ്രിട്ടീഷുകാർ ചായ കൃഷി ആരംഭിക്കുന്നത്. തുടക്കത്തിലെ ചില തിരിച്ചടികൾക്കുശേഷം കൃഷി വിജയകരമായി.1888 ആയപ്പോഴേക്കും ചായ കയറ്റുമതിയിൽ ഇന്ത്യ ചൈനയെ കടത്തിവെട്ടാൻ ആരംഭിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button