ന്യൂഡല്‍ഹി: സൗദിയിലേക്ക് തൊഴില്‍ തേടി പോകുന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സൗദിയിലെ നിയമത്തെക്കുറിച്ചുള്ള വിശദീകരണവും മറ്റുമാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിക്കരുത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിവരിക്കുന്നുണ്ട്.
സൗദി അറേബ്യയില്‍ നിരോധിച്ചിട്ടുള്ള വസ്തുകളൊന്നും യാത്രയില്‍ കരുതരുതെന്നും പറയുന്നുണ്ട്. ജോലിക്കായി സൗദിയിലേക്ക് പുറപ്പെടുന്നവര്‍ക്കുള്ള പരിഷ്‌കരിച്ച നിര്‍ദേശങ്ങളാണിവ. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തൊഴില്‍ അന്വേഷിച്ച് പോകുന്ന രാജ്യമാണ് സൗദി. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്.
തെറ്റുകള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്ന രാജ്യം എന്ന നിലയില്‍, സൗദി നിയമങ്ങളോട് പൊരുത്തപ്പെടേണ്ടേത് എങ്ങനെയെന്നും നിയമം ലംഘിച്ചാല്‍ ലഭിക്കാവുന്ന ശിക്ഷകളും നിര്‍ദേശങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. മന്ത്രത്തകിടുകള്‍, കറുത്ത ചരട്, മയക്കുമരുന്നുകള്‍, കസ്‌ക്സ, ഖറ്റ് ഇലകള്‍, പാന്‍ മസാല, മറ്റ് മതഗ്രന്ഥങ്ങള്‍,പന്നിയിറച്ചിയടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, എന്നിവ സൗദിയിലേക്ക് കൊണ്ടുപോകരുതെന്നും നിര്‍ദേശമുണ്ട്.
സൗദി നിയമം, ജോലി കരാര്‍ എന്നീ കാര്യങ്ങള്‍ തൊഴിലാളികളെ പരിചയപ്പെടുത്തുന്നതിനായാണ് പുതിയ നിര്‍ദേശങ്ങളെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 20,000 രൂപയില്‍ അധികം സര്‍വീസ് ചാര്‍ജ് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് ഈടാക്കാന്‍ അനുവാദമില്ലെന്നും സൗദി നിയമപ്രകാരം വിദേശത്ത് നിന്നും എത്തുന്ന തൊഴിലാളികളുടെ വിസ, ടിക്കറ്റ് എന്നിവയ്ക്കാവശ്യമായ തുക മുടക്കേണ്ടത് തൊഴില്‍ദാതാക്കളാണെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
Post Your Comments