ബെംഗളൂരു: വി.കെ.ശശികലയ്ക്ക് ഇനി ‘വിഐപി’ പരിഗണനയില്ല. പാരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അണ്ണാ ഡിഎംകെ (അമ്മ വിഭാഗം) ജനറൽ സെക്രട്ടറി വി.കെ.ശശികല ഇനി സാധാരണ തടവുകാരി ആയിരിക്കും. ജയിൽ പ്രവർത്തന ചട്ടങ്ങൾ പുതുതായി ചുമതലയേറ്റ പ്രിസൺസ് എഡിജിപി എൻ.എസ്.മേഘരിക് കർശനമാക്കിയതോടെയാണ് ശശികല വീണ്ടും സാധാരണ തടവുകാരിയായത്.
സന്ദർശകരെ കാണാൻ പ്രത്യേക മുറിയും ഇഷ്ടഭക്ഷണമൊരുക്കാൻ അടുക്കള സംവിധാനവും ശശികലയ്ക്ക് ഉണ്ടായിരുന്നു.മാത്രമല്ല ഇഷ്ടവേഷം ധരിക്കാനുള്ള സ്വതന്ത്രവും അവർക്കുണ്ടായിരുന്നു.എന്നാൽ പുതിയ പ്രിസൺസ് എഡിജിപിയുടെ വരവോടെ ജയിൽവേഷമായ വെള്ളസാരിയിലേക്കു മാറി സാധാരണ തടവുകാരിയായി ശശികല.
കൂടാതെ ജയിലിലെ സന്ദർശന സമയം മേഘരിക് ഇടപെട്ടു 10 മിനിറ്റായി ചുരുക്കിയിട്ടുണ്ട്. സാധാരണക്കാരനെന്നോ വിഐപിയെന്നോ ഉള്ള വേർതിരിവില്ലാതെ ഭക്ഷണം പാകം ചെയ്യണമെന്നും വെള്ളിയാഴ്ച ജയിൽ സന്ദർശനത്തിനിടെ മേഘരിക് നിർദേശിച്ചിരുന്നു.
ശശികലയ്ക്ക് അനർഹമായ സൗകര്യങ്ങൾ ചെയ്തു കൊടുത്ത കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നു ബിജെപി നേതാവ് ആർ.അശോകയുടെ നേതൃത്വത്തിൽ ജയിൽ സന്ദർശിച്ച നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.
Post Your Comments