തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കൂടുതല്‍ കുരുക്കിലേക്ക്. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ രണ്ട് അലോട്മെന്റ് നടത്താതെയും കരാര്‍ ഒപ്പുവയ്ക്കാന്‍ സന്നദ്ധത അറിയിച്ച സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ കാര്യത്തില്‍ തുടര്‍ നടപടി വൈകിച്ചതുമായി ബന്ധപ്പെട്ടാണ് മെഡിക്കല്‍ പ്രവേശനം കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുന്നത്.
എട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളാണ് സര്‍ക്കാരുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ തയ്യാറായത്. കരാറിന് എംഇഎസ്, കാരക്കോണം, മലബാര്‍, ഗോകുലം, അസീസിയ, പരിയാരം, കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളാണ് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ സീറ്റുകള്‍ വലിയതോതില്‍ മാനേജ്മെന്റുകള്‍ക്ക് അടിയറ വയ്ക്കുന്ന സ്ഥിതിയിലാണ്. കരാറിനു സന്നദ്ധത അറിയിച്ച മെഡിക്കല്‍ കോളജുകളില്‍ രണ്ടെണ്ണം മുന്‍ വര്‍ഷങ്ങളില്‍ പ്രവേശനത്തില്‍ ക്രമക്കേടു നടത്തിയതിന് നടപടി നേരിട്ടവരാണ്.
അസോസിയേഷന്‍ സെക്രട്ടറി അനില്‍കുമാര്‍ വള്ളില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കു രണ്ട് അലോട്മെന്റ് നടത്തുന്നതിനു എതിര്‍പ്പില്ലെന്ന് അറിയിച്ചു. എന്നാല്‍ സ്വാശ്രയ കോളജുകളിലേക്ക് ഒരു അലോട്മെന്റ് മാത്രം നടത്തുകയും സീറ്റ് ഒഴിവു വരികയും ചെയ്താല്‍ സ്പോട് അഡ്മിഷന്‍ നടത്താനുള്ള അവകാശം തങ്ങള്‍ക്കാണെന്ന വാദത്തിലാണ് മാനേജ്മെന്റുകള്‍.
അടുത്തയാഴ്ച രാജേന്ദ്രബാബു കമ്മിറ്റി അനുവദിച്ച ഫീസ് സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ ചില മാനേജ്മെന്റുകള്‍ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെഡിക്കല്‍ കോഴ്സുകളിലേക്കു കാറ്റഗറി ലിസ്റ്റ് കഴിഞ്ഞ 15ന് പ്രസിദ്ധീകരിച്ചുവെങ്കിലും പരാതി സമര്‍പ്പിക്കണമെന്നു വിജ്ഞാപനത്തില്‍ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ലഭ്യമായ പരാതികളുടെ അടിസ്ഥാനത്തില്‍ കാറ്റഗറി ലിസ്റ്റ് പുതുക്കി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
Post Your Comments