കൊച്ചി♦ഡ്യൂട്ടി അടയ്ക്കാതെ ടി.വി കടത്താന്‍ ശ്രമിച്ച നടന്‍ മമ്മൂട്ടിയെ കസ്റ്റംസുകാര്‍ പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. ഇന്ന് രാവിലെ മുതല്‍ ഫേസ്ബുക്കില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു പത്ര പേപ്പര്‍ കട്ടിംഗിലെ വാര്‍ത്തയാണിത്. ദിലീപിന്റെ അറസ്റ്റിന്‍റെ കൂടെ പശ്ചാത്തലത്തില്‍ സംഭവത്തിന് വലിയ പ്രചാരമാണ് ലഭിച്ചത്. വാര്‍ത്ത വൈറല്‍ ആയതോടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഏറ്റെടുത്തു. മമ്മൂട്ടിയെ കള്ളക്കടത്ത് സാധനങ്ങളുമായി പിടികൂടിയെന്ന തലക്കെട്ടിലും വാര്‍ത്തകള്‍ വന്നു.
കസ്റ്റംസുകാരെ വെട്ടിച്ച് ആധുനിക ടിവി ദുബായില്‍നിന്ന് കടത്തിക്കൊണ്ടു വരാന്‍ സൂപ്പര്‍ താരം പത്മശ്രീ ഭരത് മമ്മൂട്ടി നടത്തിയ ശ്രമം ദയനീയമായി പൊളിഞ്ഞു എന്നാണ് ഈ വാര്‍ത്തയില്‍ പറയുന്നത്. ഇഎം ടിവിയുമായാണ് മമ്മൂട്ടിയും ഭാര്യയും ദുബായില്‍ നിന്ന് എമിറേറ്റ് വിമാനത്തില്‍ വന്നിറങ്ങിയത്. മൂന്നരലക്ഷം വിലയുള്ള ടിവി പഴയ മോഡലാണെന്നു പറഞ്ഞ് പതിനായിരം രൂപ ഡ്യൂട്ട് അടച്ചു പുറത്തിറങ്ങിയ മമ്മൂട്ടിയെ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പെട്ടി തുറന്നു പരിശോധിച്ചതോടെ അരലക്ഷം രൂപകൂടി ഡ്യൂട്ടി അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. അത്രയും പണം കൈയില്‍ ഇല്ലാത്തതിനാല്‍ സുഹൃത്തുക്കള്‍ എത്തി പണം അടച്ചശേഷമാണ് മമ്മൂട്ടിയും ഭാര്യയും പുറത്തിറങ്ങിയതെന്നാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ പറയുന്നത്.
ഈ വാര്‍ത്ത ഏതു പത്രത്തിലാണ് വന്നതെന്ന് വ്യക്തമല്ല. എന്നാല്‍ 2004 മേയ് 16 ന് നടന്ന സംഭവമാണിതെന്ന് ഹിന്ദു ദിനപ്പത്രത്തിന്‍റെ ഓണ്‍ലൈന്‍ എഡിഷന്‍ സാക്ഷ്യപ്പെടുത്തുന്നു. 2004 മേയ് 17 ഹിന്ദു പ്രസിദ്ധീകരിച്ച ഈ വാര്‍ത്തയുടെ ലിങ്ക് ഇപ്പോഴും ലഭ്യമാണ്. കസ്റ്റംസ് ഡ്യൂട്ടി കണക്കുകൂട്ടുന്നതില്‍ വന്ന പിഴവാണ് പ്രശ്നത്തിന് ഇടയാക്കിയാതെന്ന് അന്നത്തെ ഹിന്ദു വാര്‍ത്ത പറയുന്നു. ദുബായില്‍ നിന്ന് എമിറേറ്റ്സ് EK 530 വിമാനത്തില്‍ ഭാര്യയുമായി എത്തിയ മമ്മൂട്ടി പഴയ ടിവിയാണ് കൊണ്ടുവന്നത് എന്നറിയിച്ചതിനെ തുടര്‍ന്ന് 10,000 രൂപ ഡ്യൂട്ടി അടയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ടി.വിയ്ക്ക് 1.5 ലക്ഷം രൂപ മൂല്യമുണ്ടെന്ന് കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെത്തിയതിനെത്തുടര്‍ന്ന് 40% നികുതി അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും തുക മമ്മൂട്ടിയുടെ കൈവശം പണമായി ഇല്ലാതിരുന്നതിനാല്‍ കുറച്ചു സമയം അദ്ദേഹത്തിനും ഭാര്യക്കും വിമാനത്താവളത്തില്‍ ചെലവഴിക്കേണ്ടിവന്നു. മമ്മൂട്ടിക്കെതിരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തില്ലെന്നും ഹിന്ദു വാര്‍ത്ത പറയുന്നു.
Post Your Comments