കശ്മീരിൽ തീവ്രവാദികളുമായി ഏറ്റുമുട്ടി മരണമുഖത്തുനിന്നു തിരികെയെത്തിയ മേജർ ഋഷിയുടെ ജീവിതകഥ ആർക്കും പ്രജോദനമേകുന്ന ഒന്നാണ്. കെഎസ്ഇബിയിലെയും എയർ ഇന്ത്യയിലെയും ജോലി ഉപേക്ഷിച്ചു സൈനിക സേവനത്തിന് ഇറങ്ങിപ്പുറപ്പെട്ട മുതുകുളം വടക്ക് മണിഭവനത്തിൽ ഋഷി എന്ന മേജർ ഋഷിയുടെ കഥ ഓരോ സൈനികന്റെയും കഥയാണ്. ദക്ഷിണ കശ്മീരിലെ ഫുൽവാമ ജില്ലയിലെ ദ്രാൽ പ്രദേശത്ത് ഒരു ഗ്രാമീണ ഭവനത്തിൽ സായുധരായ രണ്ടു തീവ്രവാദികൾ കടന്നുകൂടിയിരിക്കുന്നു എന്ന സന്ദേശത്തെ തുടർന്ന് മേജർ ഋഷിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സൈനികർ ഒരു പോരാട്ടത്തിന് ഒരുങ്ങുകയായിരുന്നു.
തീവ്രവാദികൾ ഒളിച്ചിരുന്ന വീട് കണ്ടെത്തിയെങ്കിലും സൈനിക നീക്കം ദുഷ്കരമാക്കുന്ന ഘടകങ്ങൾ അവിടെ ഏറെയുണ്ടായിരുന്നു. ഇവയെല്ലാം മറികടന്നു മിനിറ്റുകൾ കൊണ്ടു സൈന്യവും പൊലീസും വീടുവളഞ്ഞു. വെടിവയ്പ്പോ സ്ഫോടനമോ വേണ്ടിവന്നാൽ കൂടുതൽ ആളപായവും പരുക്കും ഒഴിവാക്കുന്നതിനായി ഋഷിയും മറ്റു രണ്ടു സൈനികരും ചേർന്നു സമീപത്തെ രണ്ടു വീടുകൾകൂടി ഒഴിപ്പിച്ചു.ആയുധങ്ങളുമായി പുറത്തുവന്നു കീഴടങ്ങാൻ സൈന്യം അറിയിച്ചെങ്കിലും തീവ്രവാദികൾ വഴങ്ങിയില്ല. വീടിന്റെ അടുക്കള ഭാഗത്തിനു മോർട്ടാർ ആക്രമണത്തിലൂടെ തീയിട്ടെങ്കിലും തീവ്രവാദികൾ പുറത്ത് വന്നില്ല. ഇതോടെ വീട് തകർത്തു തീവ്രവാദികളെ വധിക്കാൻ സൈന്യം തീരുമാനിച്ചു.
ദൗത്യം മേജർ ഋഷി നേരിട്ട് ഏറ്റെടുത്തു. നേരത്തേ ഒഴിപ്പിച്ച സമീപത്തെ വീടുകളിലൊന്നിൽനിന്ന് ഒരു മേശ സംഘടിപ്പിച്ചു സ്ഫോടക വസ്തു അതിൽ സ്ഥാപിക്കാൻ തീരുമാനിച്ചു. പിന്നെ 10 കിലോയുള്ള സ്ഫോടക വസ്തുവുമായി തീവ്രവാദികൾ ഒളിച്ചിരുന്ന വീട്ടിലേക്ക് ഋഷി കയറിച്ചെന്നു. എന്നാൽ തീവ്രവാദികൾ അപ്രതീക്ഷിതമായി വെടിയുതിർത്തു. ആദ്യ വെടിയുണ്ട ഹെൽമറ്റിൽ ഉരസി ഋഷിയുടെ മൂക്കു തകർത്തു കടന്നുപോയി. രണ്ടാമത്തേതായിരുന്നു കൂടുതൽ മാരകമായ മുറിവേൽപ്പിച്ചത്. താടിയെല്ലു തകർത്ത രണ്ടാം വെടിയുണ്ട മുഖത്തിന്റെ സ്ഥാനത്ത് മാംസകഷണങ്ങൾ മാത്രമാണ് അവശേഷിപ്പിച്ചത്. വെടിയേറ്റ തന്നെ രക്ഷപ്പെടുത്താനായി കൂടുതൽ സൈനികർ വീടിനുള്ളിൽ പ്രവേശിച്ചാൽ അവർക്കും വെടിയേൽക്കുമെന്നു മനസ്സിലാക്കിയ ഋഷി പുറത്തേക്ക് ഇഴഞ്ഞുനീങ്ങി. തുടർന്ന് കമാൻഡിങ് ഓഫിസർ മുന്നോട്ട് ഓടിവന്നു സുരക്ഷിത സ്ഥാനത്തേക്കു വലിച്ചുമാറ്റി.
പോരാട്ടം നടന്ന ദ്രാലിൽനിന്ന് 35 കിലോമീറ്ററോളമുണ്ട് ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക്. അവിടെ ഫിസിയോതെറപ്പിസ്റ്റാണ് ഋഷിയുടെ ഭാര്യ ക്യാപ്‌റ്റൻ അനുപമ. ഭർത്താവിന് ആക്രമണത്തിൽ പരുക്കേറ്റ വിവരം അനുപമ അറിഞ്ഞിരുന്നു. എന്നാൽ ഋഷിയുടെ മുഖത്തിന്റെ അവസ്ഥ കണ്ട അനുപമ തളർന്നുവീണു. അപ്പോഴേക്കും ഋഷിയുടെ ബോധവും നശിച്ചിരുന്നു. ശ്രീനഗർ ആശുപത്രിയിൽ ഒരുദിവസത്തെ ചികിത്സയ്ക്കു ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ നിർദേശത്തെ തുടർന്നു ഋഷിയെ ന്യൂഡൽഹിയിലെ ആർമി റഫറൽ ആൻഡ് റിസർച് ഹോസ്പിറ്റലിലേക്കു മാറ്റി. വിദഗ്ധ ചികിത്സയുടെ ഫലമായി ഋഷി പതിയെ പതിയെ ജീവിതത്തിലേക്കു തിരികെ വന്നു. വെടിയേറ്റു തകർന്ന മുഖം നേരെയാക്കാൻ ഏതാനും ശസ്ത്രക്രിയകൾ കഴിഞ്ഞു. താടിയെല്ലു തകർന്നതിനാൽ ദ്രവ രൂപത്തിലുള്ള ആഹാരം മാത്രമേ ഇപ്പോഴും കഴിക്കാൻ കഴിയൂ. ഇതിനിടെ ഋഷി മരിച്ചതായി നാട്ടിൽ വിവരം വന്നു. വാർത്ത തെറ്റാണെന്ന് ബോധ്യം വന്നതോടെ ഋഷിക്ക് വേണ്ടിയുള്ള പ്രാത്ഥനയായി പിന്നീട്.
പരുക്കിൽനിന്നു മോചിതനായാൽ വീണ്ടും പോരാട്ടമുന്നണിയിലേക്കു പോകണമെന്നതാണ് ഋഷിയുടെ ആഗ്രഹം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജോലിചെയ്യണമെന്നും ആഗ്രഹമുണ്ട്.തൂവാലകൊണ്ടു മുഖം മറച്ചാണ് ഋഷി ഇപ്പോൾ ആളുകളെ കാണുന്നത്. രാജ്യത്തിന്റെ മുഖം കാക്കാൻ തന്റെ മുഖത്ത് തൂവാല അണിയുന്നതിൽ അഭിമാനമാണ് ഋഷിക്ക്.
Post Your Comments