ഭാരതീയ സംസ്കാരവുമായി പശുവിന് അടുത്ത ബന്ധമാണുള്ളത്. മറ്റൊരു ജീവിക്കും ലഭിക്കാത്ത പരിഗണന നമ്മൾ കാലാകാലമായി പശുവിന് നൽകിവരുന്നുണ്ട്. പക്ഷെ കുറച്ച് നാളുകളായി പശുവിന്‍റെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ന്യൂന പക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർച്ചയായി നടന്നു കൊണ്ടിരിക്കുകയാണ്.
സുദീർഘമായ മൗനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. പശുവിന്‍റെ പേരിലുള്ള ആക്രമണങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം, ഇത്തരം ഗുണ്ടായിസങ്ങളെ എല്ലാ രാഷ്ട്രീയ പാർട്ടികളും അപലപിക്കണം എന്ന നിലപടുമായാണ് അദ്ദേഹം രംഗത്ത് വന്നത്. പാർലമെന്റിലെ മഴക്കാല സമ്മേളത്തിന് മുന്നോടിയുള്ള സർവകക്ഷി യോഗത്തിലാണ് മോദി അഭിപ്രായ പ്രകടനം നടത്തിയത്.
ഇതിനു മുൻപും 2 പ്രാവശ്യം അദ്ദേഹം ഇത്തരം പ്രവർത്തനങ്ങളെ അപലപിച്ചിരുന്നു. പക്ഷെ പശു സംരക്ഷകർ മോദിയുടെ വാക്കുകൾ മുഖവിലക്കെടുത്ത ലക്ഷണമില്ല.കഴിഞ്ഞ 13ന് നാഗ്‌പൂരിൽ ബി.ജെ.പി ന്യൂനപക്ഷ സെൽ പ്രസിഡന്റ് സലിം ഷായെ മാട്ടിറച്ചി കടത്തിയെന്ന ആരോപണത്തെ തുടർന്ന് പശു സംരക്ഷകർ ആക്രമിച്ചിരുന്നു.
ആഗോള രാജ്യങ്ങളുടെ ഇടയിൽ ഇന്ത്യ ഇന്ന് ശക്തമായ ഒരു ബ്രാൻഡ് ആണ്. നമ്മുടെ രാജ്യത്ത് നടക്കുന്ന ഓരോ വാർത്തയും ആഗോള മാധ്യമങ്ങൾ അത്രക്ക് പ്രാധാന്യം നൽകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മൃഗ സംരക്ഷണം എന്ന പേരിൽ ഒരു കൂട്ടം ആളുകൾ പാവപ്പെട്ട ജനങ്ങളെ കയ്യേറ്റം ചെയ്യുന്നത് ഇത്തരം നീക്കങ്ങള്‍ രാജ്യത്തെ നിയമ വ്യവസ്ഥയ്ക്കെതിരെയുള്ള വെല്ലുവിളിയാണ്. മറ്റൊരു ഗൂഢ ലക്ഷ്യവും നമുക്ക് ഇതിനുപിന്നിൽ കാണാൻ സാധിക്കും പശുവിന്‍റെ പേരിലുള്ള ആക്രമണങ്ങൾ മതസ്പർദ്ധ വളർത്താൻ വേണ്ടിയുള്ളതാണെന്ന് വ്യക്തമാണ്. ഇനി ഒരിക്കൽ കൂടി ഒരു മത കലാപം ഉണ്ടായാൽ അത് നമ്മുടെ രാജ്യത്തെ അടിമുടി ബാധിക്കും വൻ സാമ്പത്തിക ശക്തിയായി കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ രൂക്ഷമായ പ്രതിസന്ധി നേരിടേണ്ടി വരും.
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണോ ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സംസ്ഥാനങ്ങളുടെ ജാഗ്രത കുറവും ഇത്തരം സംഭവങ്ങളിൽ പ്രകടമാണ്. ഇത്തരം അക്രമികൾക്കെതിരെ സംസ്ഥാനങ്ങൾ കർശന നടപടി എടുക്കണം കാരണം മുൻപുള്ള സംഭവങ്ങളിൽ എടുത്ത് നോക്കിയാല്‍ ഇത്തരക്കാർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇനിയും സംസ്ഥാന സർക്കാരുകൾ മൃദു സമീപനം തുടർന്നാൽ ഈ രാജ്യത്തിന്‍റെ നിയമ വ്യവസ്ഥ തകരും ജനങ്ങൾ തെരുവിൽ ഏറ്റുമുട്ടും. എല്ലാത്തിനും കേന്ദ്രത്തിനെ കുറ്റം പറയുന്ന സമീപനം മാറ്റി ക്രമാസമാധാനപാലനം സംസ്ഥാന സർക്കാരുകൾ കൃത്യമായി ചെയ്താൽ ഇത്തരക്കാരെ നമുക്ക് സമൂഹത്തിൽ നിന്ന് തുടച്ച് നീക്കാൻ സാധിക്കും.
Post Your Comments