Latest NewsKeralaNews

നടിയുടെ ആക്രമണദൃശ്യങ്ങള്‍ ചോര്‍ന്നു

 

കൊച്ചി : സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച യുവനടിയെ ആക്രമിച്ച കേസില്‍ പൊലീസുകാരെ വെട്ടിലാക്കി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. പള്‍സര്‍ സുനിയും സംഘവും യുവനടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കണ്ടതായി വെളിപ്പെടുത്തല്‍. രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഫോറന്‍സിക് പഠനത്തിന്റെ ഭാഗമായി അദ്ധ്യാപകന്‍ ഈ ദൃശ്യങ്ങള്‍ കാണിക്കുകയായിരുന്നു. പ്രകൃതി വിരുദ്ധപീഡനത്തിന്റെ മൃഗീയമായ രണ്ട് ദൃശ്യങ്ങളാണ് പ്രധാനമായും ഇതിലുള്ളതെന്നാണ് ഇതു കണ്ട വിദ്യാര്‍ത്ഥികള്‍ പുറത്ത് നല്‍കിയ വിവരം. ജൂണ്‍ അവസാന ആഴ്ചയിലാണ് ഈ ദൃശ്യങ്ങള്‍ കോളേജില്‍ കാണിച്ചത്. കേരളകൗമുദിയാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ദൃശ്യങ്ങള്‍ കണ്ട ചില വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ വിവരം അറിയിച്ചു. ഇതില്‍ ഒരു രക്ഷാകര്‍ത്താവ് ഡോക്ടറായിരുന്നു. അദ്ദേഹം പ്രമുഖനായ മറ്റൊരു ഡോക്ടര്‍ക്ക് വിവരം കൈമാറി. എന്നാല്‍ അങ്ങനെ സംഭവിക്കാനുള്ള ഒരു സാദ്ധ്യതയുമില്ലെന്നാണ് ദൃശ്യങ്ങളുടെ വിശദാംശങ്ങള്‍ ജോലിയുടെ ഭാഗമായി നേരത്തേ അറിഞ്ഞിരുന്ന പ്രമുഖഡോക്ടര്‍ മറുപടി നല്‍കിയത്. എന്നാല്‍ ദൃശ്യം കണ്ട വിദ്യാര്‍ത്ഥിയില്‍ നിന്ന് സീന്‍ ബൈ സീനായി വിവരിച്ച് കിട്ടിയത് രക്ഷാകര്‍ത്താവ് അറിയിച്ചപ്പോള്‍ ഡോക്ടര്‍ അത് ശരിവയ്ക്കുകയായിരുന്നു. രണ്ടര മിനിട്ടാണ് ദൃശ്യങ്ങളുടെ ദൈര്‍ഘ്യമെന്നുള്ള കൃത്യമായ വിവരവും വിദ്യാര്‍ത്ഥിയില്‍ നിന്ന് മനസിലാക്കാനായി. ഈ ദൃശ്യങ്ങള്‍ കോളേജില്‍ കാണിച്ച വിവരം ചില രക്ഷാകര്‍ത്താക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നതപൊലീസുദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. എന്ത് നടപടിയെടുക്കണമെന്ന് ആലോചിക്കുകയാണ് പൊലീസ് ഉന്നതര്‍.

അതീവരഹസ്യമായി സൂക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ എങ്ങനെ പുറത്തായി എന്ന അങ്കലാപ്പിലാണ് പൊലീസ്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കും മുമ്പ് തന്നെ പള്‍സര്‍ സുനിയും സംഘവും പുറത്ത് വിട്ടുവെന്നതിന്റെ തെളിവായും കോളേജിലെ പ്രദര്‍ശനത്തെ കണക്കാക്കാം.

ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുംമുമ്പ് തന്നെ ദൃശ്യങ്ങള്‍ ചോര്‍ന്നതായാണ് വിവരം. കോളേജിലെ ഫോറന്‍സിക് വിഭാഗം അദ്ധ്യാപകന് എങ്ങനെ എവിടെ നിന്ന് ഈ ദൃശ്യങ്ങള്‍ ലഭിച്ചുവെന്നത് വിദ്യാര്‍ത്ഥികളെ അദ്ഭുതപ്പെടുത്തി. സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങള്‍ പഠിപ്പിക്കുന്നതിനിടെയാണ് അദ്ധ്യാപകന്‍ ഈ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് നിയമവശങ്ങളും ഫോറന്‍സിക് പരമായ കാര്യങ്ങളും വിശദീകരിച്ചത്. കണ്ടിരുന്ന പെണ്‍കുട്ടികള്‍ സ്തബ്ധരായിപ്പോയി. ആണ്‍കുട്ടികള്‍ നിശബ്ദരായി കണ്ടിരുന്നു. ഈ ദൃശ്യങ്ങള്‍ കണ്ട കാര്യങ്ങള്‍ ആദ്യഘട്ടത്തില്‍ പുറത്ത് പറയാന്‍ തന്നെ കുട്ടികള്‍ക്ക് പേടിയായിരുന്നു. പിന്നീടാണ് പലരും രക്ഷാകര്‍ത്താക്കളുമായി ആശയവിനിമയത്തിന് തയ്യാറായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button