Latest NewsNewsIndia

സിനിമാക്കാര്‍ അറിയുന്നുണ്ടോ കിടക്കയില്‍ വേദന തിന്നു കഴിയുന്ന ഈ താരത്തെ? ഇവരും സിനിമാക്കാരാണ്

 

മുംബൈ : സിനിമാ ലോകം എന്നത് തികച്ചും കാശുള്ളവന്റെ സ്വര്‍ഗലോകമാണ്. പല സിനിമകളിലും തലകാണിച്ചും അവസരത്തിനൊത്ത കോമഡിയും അവതരിപ്പിച്ച് കഴിയുന്ന ചെറിയ റോളുകളില്‍ ഒതുങ്ങുന്നവര്‍ക്ക് സിനിമ എന്നത് അപ്രാപ്യമായ കാര്യമാണ്. പട്ടിണി മാറ്റാന്‍ അഭിനയിക്കുന്നവര്‍. അവരും നടന്‍മാരാണ്. എന്നാല്‍ വര്‍ണപ്പകിട്ടിനോടും താരപ്പൊലിമയോടും മാത്രമേ ബോളിവുഡിന് പഥ്യമുള്ളൂ. കോടികളുടെ കിലുക്കമുള്ള കഥകളോടു മാത്രമേ പ്രിയവുമുള്ളൂ. നായകന്‍മാരുടെ സപ്പോര്‍ട്ടിംഗ് കഥാപാത്രങ്ങള്‍ ജീവിതെ മുന്നോട്ട് തള്ളി നീക്കാന്‍ മാത്രം വരുന്നവരാണ്.

സീതാറാം പഞ്ചല്‍ എന്ന താരത്തിന് ഇപ്പോള്‍ ഇതൊന്നുമില്ല. പണവും പത്രാസും പകിട്ടും പോയിട്ട് ചാന്‍സ് ചോദിക്കാനുള്ള കെല്‍പ് പോലുമില്ല. സീതാറാം പഞ്ചല്‍ ഇപ്പോള്‍ ചോദിക്കുന്നത് ചാന്‍സല്ല, ഒരിറ്റ് സഹായമാണ്. ഒരു ചെറിയ കൈത്താങ്ങാണ്. കാന്‍സര്‍ ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പാണ് ദേശീയ അവാര്‍ഡ് ജേതാക്കളായ അക്ഷയ് കുമാറിനും ഇര്‍ഫന്‍ ഖാനുമൊപ്പം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത പഞ്ചല്‍. അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം ജോളി എല്‍. എല്‍.ബിയിലും ഇര്‍ഫന്‍ ഖാന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പാന്‍ സിങ് തോമറിലുമാണ് പഞ്ചല്‍ അഭിനയിച്ചത്. ഇതിന് പുറമെ ബാന്‍ഡിങ് ക്യൂന്‍, സ്ലംഡോഗ് മില്ല്യണര്‍, പീപ്പിലി ലൈവ്, ദി ലെജന്‍ഡ് ഓഫ് ഭഗത്സിങ് എന്നിവയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

മൂന്ന് വര്‍ഷമായി കാന്‍സറിന് ചികിത്സിച്ചുകൊണ്ടിരിക്കുന്ന പഞ്ചല്‍ കഴിഞ്ഞ പത്ത് മാസമായി തീര്‍ത്തും കിടപ്പിലാണ്. ശ്വാസകോശത്തിനും വൃക്കയ്ക്കുമാണ് അര്‍ബുദം ബാധിച്ചത്. ആദ്യം ആയുര്‍വേദ ചികിത്സയായിരുന്നു. പിന്നെ ഹോമിയോപതിയായി. എന്നിട്ടും രക്ഷയില്ലാതായപ്പോള്‍ അലോപ്പതിയായി ശരണം. പക്ഷേ, അപ്പൊഴേയ്ക്കും തീര്‍ത്തും അവശനായി. പരസഹായമില്ലാതെ ഒന്നെഴുന്നേല്‍ക്കാന്‍ പോലുമാകാതായി. കുടുംബനാഥന്‍ കിടപ്പിലായതോടെ കുടുംബം പട്ടിണിയിലായി. മുഖത്ത് നിന്ന് ആര്‍ക്ക്‌ലൈറ്റുകള്‍ മാഞ്ഞതോടെ ആരാധകരും സിനിമാപ്രേമികളും അകന്നു. ഒരു കൈ സഹായിക്കാനോ ആരോഗ്യസ്ഥിതി ഒന്നന്വേഷിക്കാനോ ആരുമില്ലാതായി. അക്ഷരാര്‍ഥത്തില്‍ പിച്ച തെണ്ടേണ്ട അവസ്ഥയിലായി താരത്തിന്റെ കുടുംബം.

കാര്യങ്ങള്‍ കൈവിട്ടുതുടങ്ങിയപ്പോള്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പഞ്ചലിന് തന്നെ സഹായം അഭ്യര്‍ഥിക്കേണ്ടിവന്നു. ‘സഹോദരങ്ങളെ… എന്നെയൊന്ന് സഹായിക്കൂ. ഞാന്‍ കാന്‍സര്‍ ബാധിച്ച് കിടപ്പിലാണ്. വലിയ കഷ്ടപ്പാടാണ്’.-പഞ്ചല്‍ അഭ്യര്‍ഥിച്ചു. ഇതിനുശേഷമാണ് അഭിനേതാക്കളുടെ സംഘടനയായ സിനി ആന്‍ഡ് ടി.വി. ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍ രംഗത്തുവന്നത്. ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് അവരും സഹായം അഭ്യര്‍ഥിച്ചത്. സഹായധനം അയക്കേണ്ട ബാങ്ക് അക്കൗണ്ട് നമ്പറും നല്‍കി.
ഇത് കണ്ടതോടെ ഏതാനും അഭിനേതാക്കള്‍ ചെറിയ ചില സഹായങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, ബോളിവുഡില്‍ നിറഞ്ഞുനില്‍ക്കുന്ന വമ്ബന്‍ താരങ്ങളാരെങ്കിലും വരാതെ കുടുംബം രക്ഷപ്പെടില്ലെന്ന വിശ്വാസത്തിലാണ് പഞ്ചലിന്റെ ഭാര്യ ഉമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button