മുല്ല പോലെ തന്നെ മാല കോര്‍ക്കാനുപയോഗിക്കുന്ന പുഷ്പമാണ് കനകാമ്പരം. ഗോവയുടെ സംസ്ഥാന പുഷ്പമാണ് കനകാമ്പരം. ഗോവയിലും മഹാരാഷ്ട്രയിലും അബോളി എന്നാണ് ഇത് അറിയപ്പെടുന്നത്. മൂന്നോ അഞ്ചോ ഇതളുകളില്‍ കാണപ്പെടുന്ന ഈ പൂക്കള്‍ മഞ്ഞ, ഓറഞ്ച് , ലൂട്യ മഞ്ഞ, സെബാക്കുലസ് റെഡ് എന്നീ നിറങ്ങളിലാണ് കാണപ്പെടുന്നത്. ഏകദേശം ഒരു മീറ്ററോളം പൊക്കത്തില്‍ വളരുന്ന ഒരു ഉദ്യാന സസ്യം കൂടിയാണ് കനകാമ്പരം. നീല നിറത്തിലുള്ള കനകാമ്പരവും നാട്ടിന്‍ പുറങ്ങളില്‍ കണ്ടു വരാറുണ്ട്.
വര്ഷം തോറും പൂക്കള്‍ നല്‍കുന്ന ഈ സസ്യം തമിഴ്നാട്ടിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്. കടുത്ത ഓറഞ്ചു നിറത്തില്‍ പൂക്കള്‍ വിരിയുന്ന ഡല്‍ഹി എന്ന ഇനത്തിനാണ് കര്‍ഷകര്‍ക്ക് ഏറെ പ്രിയം. പരാഗണം വഴി ഉണ്ടാകുന്ന വിത്തുകള്‍ വഴിയും കമ്പുകള്‍ മുറിച്ച് നട്ടുമാണ് വളര്‍ത്തിയെടുക്കുന്നത്. നല്ല വളക്കൂറുള്ള മണ്ണിലാണ് കനകാമ്പരം കൃഷി ചെയ്യേണ്ടത്. ചാണകപ്പോടിയുമം വേപ്പിന്‍ പിണ്ണാക്കും മണലും തുല്യ അളവില്‍ ചേര്‍ത്ത് നനച്ച മണ്ണിലാണ് വിത്ത് പാകേണ്ടത്. അഞ്ച് ദിവസം കൊണ്ട് വിത്തുകള്‍ മുളക്കും. വിത്തുകള്‍ ഇല്ലാത്ത ഇനങ്ങള്‍ കമ്പ് മുറിച്ച് നട്ട വേര് പിടിപ്പിച്ച് മാറ്റി നടാവുന്നതാണ്. ചട്ടികളില്‍ ഒറ്റക്കും തടങ്ങളില്‍ ഒന്നരയടി വിട്ട നട്ടും വളര്ത്തിയെടുക്കാവുന്നതാണ്. മുളച്ച് രണ്ടാഴ്ച്ചക്ക് ശേഷം നന്നായി അടിവളം ചേര്‍ത്ത മണ്ണിലേക്ക് പറിച്ച് നട്ട് വളര്‍ത്തിയെടുക്കാം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് പറിച്ച് നടാന്‍ ശ്രദ്ധിക്കണം. പതിനഞ്ച് ദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ് കൂട്ടികൊടുക്കം. യൂറിയ, സുപ്പര്‍ ഫോസ്ഫേറ്റ്, പൊട്ടാഷ് തുടങ്ങിയ വളങ്ങള്‍ ചേര്‍ക്കുന്നത് ചെടി തഴച്ച് വളരാന്‍ സഹായിക്കും. ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വേനല്‍ക്കാലങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ച് കൊടുക്കണം.
ചെടികള്‍ നട്ട് മൂന്ന് മാസത്തിനുള്ളില്‍ പൂക്കള്‍ ഉണ്ടായി തുടങ്ങും. കൃത്യമായി നനക്കുകയും പരിചരിക്കുകയും ചെയ്‌താല്‍ വര്ഷം മുഴുവനും പൂക്കള്‍ പറിക്കാന്‍ കഴിയും. സീസണില്‍ കിലോക്ക് അഞ്ഞൂറ് രൂപ വരെ ലഭിക്കും.
മറ്റ് ചെടികളെ അപേക്ഷിച്ച് രോഗപ്രതിരോധ ശേഷി കൂടുതലുള്ള ചെടിയാണ് കനകാമ്പരം. എന്നാലും ചില സമയങ്ങളില്‍ ഇല ചുരുളല്‍, വേര് ചീയല്‍, വാട്ട രോഗം തുടങ്ങിയ രോഗങ്ങള്‍ വരാറുണ്ട്. രോഗം തടയാനും കീടങ്ങളുടെ ആക്രമണം തടയാനും ജൈവ കീടനാശിനികള്‍ ഉപയോഗിക്കാവുന്നതാണ്.
Post Your Comments