ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ചിത്രമാണ് മൊണാലിസയുടേത്. ഡാവിഞ്ചിയുടെ പെയ്ന്റിങ്ങിലെ മൊണാലിസയുടെ ചിരിക്ക് പിന്നിലെ രഹസ്യം എന്താണെന്നുള്ളത് ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ചിത്രത്തില്‍ മൊണാലിസ പുഞ്ചിരിക്കുന്നുണ്ടെങ്കിലും ഇവരുടെ കണ്ണില്‍ വിഷാദമാണെന്ന വാദവും ഉയര്‍ന്നിരുന്നു. ഏറെ കാലങ്ങള്‍ക്ക് ശേഷം മൊണാലിസയുടെ നിഗൂഡമായ ചിരിയുടെ രഹസ്യം ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്.
ഡാവിഞ്ചിയുടെ തന്നെ മറ്റൊരു പെയ്ന്റിങ്ങായ ‘ലാബെല്ല പ്രിന്സിപ്പെസ’യുടെ സഹായത്തോടെയാണ് ഗവേഷകര്‍ ചിരിക്ക് പിന്നില്‍ ഉപയോഗിച്ച ടെക്നിക് കണ്ടെത്തിയത്. 1490കളില്‍ മിലാന്‍ ഭരിച്ചിരുന്ന ലുഡോവിക്കോ ഫോര്സിയുടെ മകളായ ബിനാക്ക എന്ന പതിമൂന്ന് വയസ്സുള്ള ബാലികയാണ് ലാബെല്ല പ്രിന്സിപ്പെസ എന്ന പോര്‍ട്രെയ്റ്റില്‍ ഉള്ളത്. മൊണാലിസ ചിത്രം പോലെ തന്നെ അകലെ നിന്ന് നോക്കിയാല്‍ ബിനാക്ക ചിരിക്കുന്നതായും അടുത്ത് നിന്ന് നോക്കുമ്പോള്‍ വിഷാദ ഭാവത്തിലിരിക്കുന്നതായും തോന്നും. ചിത്രം കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ ചിരി മാഞ്ഞു പോകുകയും ചെയ്യുന്നു. ഈ ഒരു പ്രതിഭാസത്തെ ഗവേഷകര്‍ uncatchable smile എന്നാണ് വിളിക്കുന്നത്.
ചിത്രത്തിന്റെ രഹസ്യം കണ്ടുപിടിക്കാനായി ഗവേഷകര്‍ കാണികളെ കണ്ണുകളും വായയും കറുത്ത ചതുരങ്ങള്‍ കൊണ്ട് മറച്ചു കാണിച്ചു. വായ മാത്രം മറച്ചു പിടിച്ച് നോക്കിയപ്പോള്‍ ചിരി അപ്രത്യക്ഷമാകുകയും ചെയ്തു. പെയ്ന്റിങ്ങിന്റെ ചുണ്ടുകളിലാണ് ചിരിയുടെ രഹസ്യം ഒളിഞ്ഞിരിക്കുന്നതെന്ന് ഗവേഷകര്‍ക്ക് ഇതിലൂടെ മനസിലായി. വായയുടെ വക്രതക്ക് വ്യതിയാനം വരുത്തുന്ന ഈ പെയ്ന്റിംഗ് ടെക്നിക് sfumato എന്നാണ് അറിയപ്പെടുന്നത്. നിറങ്ങളെയും ഷെയ്ഡുകളെയും കൃത്യമായി ഔട്ട് ലൈന്‍ ഇടാതെ സംയോജിപ്പിച്ച് ആകൃതികളില്‍ ക്രമേണയുള്ള വ്യതിയാനം ഉണ്ടാക്കുക എന്നതാണ് ഈ ടെക്നിക്. മൊണാലിസയിലും ലാബെല്ല പ്രിന്സിപ്പെസ്സയിലും ഡാവിഞ്ചി sfumato ടെക്നിക് ഉപയോഗിച്ച് ചുണ്ടുകളുടെ ഔട്ട് ലൈന്‍ മയപ്പെടുത്തി ചുണ്ടുകളും മറ്റു മുഖഭാഗങ്ങളും തമ്മില്‍ കൃത്യമായ വേര്‍തിരിവ് ഇല്ലാതാക്കുകയാണ് ചെയ്തത്.
Post Your Comments