ആലപ്പുഴ : ആഡംബര ബസ് വാടകയ്ക്കെടുത്ത് സർവീസ് നടത്താനുള്ള പദ്ധതിയുമായി കെഎസ്ആർടിസി രംഗത്ത്. പുതിയ പദ്ധതി പ്രകാരം അന്തർ സംസ്ഥാന റൂട്ടുകളിൽ ആഡംബര ബസുകൾ വാടകയ്ക്ക് എടുത്തു സർവീസ് നടത്താനാണ് കെഎസ്ആർടിസി ഉദ്ദേശിക്കുന്നത്. കെഎസ്ആർടിസി അധികൃതർ ഇതു സംബന്ധിച്ചു പ്രാഥമിക ചർച്ച നടത്തി. മൾട്ടി ആക്സിൽ ബസുകൾ നിർമിക്കുന്ന വോൾവോ, സ്കാനിയ കമ്പനികളുമായാണ് അധികൃതർ ചർച്ച നടത്തിയത്. ഡ്രൈവർ, മറ്റു ജീവനക്കാർ എന്നിവരെ ഉൾപ്പെടെയാണ് ഈ കമ്പനികൾ ബസ് കെഎസ്ആർടിസിക്കു വാടകയ്ക്കു നൽകുക. കെഎസ്ആർടിസിയുടെ കണ്ടക്ടർക്കായിരിക്കും സർവീസിന്റെ പൂർണ ചുമതല.
ഓടുന്ന കിലോമീറ്ററിന് അനുസരിച്ചു ബസുകളുടെ വാടക നൽകനാണ് കെഎസ്ആർടിസിയുടെ തീരുമാനം. അറ്റകുറ്റപ്പണികൾ, ടോൾ, പെർമിറ്റ് തുടങ്ങിയവ സ്വകാര്യ ബസ് കമ്പനികളുടെ ചുമതലയായിരിക്കും. കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ മാതൃകയാണു കെഎസ്ആർടിസിയും സ്വീകരിക്കുന്നത്.
ബെംഗളൂരു, ചെന്നൈ, മംഗളുരു, മണിപ്പാൽ, സേലം, മധുര എന്നീ റൂട്ടുകളിലാണ് ആദ്യം പരീക്ഷണ അടിസ്ഥാനത്തിൽ ആഡംബര ബസ് വാടകയ്ക്കെടുത്ത് സർവീസ് നടത്തുക. വാടക സംവിധാനം ലാഭകരമെന്നു കണ്ടാൽ മറ്റു റൂട്ടുകളിലേക്കും വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
Post Your Comments