ദുബായ് : തന്ത്രപ്രധാന മേഖലകളിലെ കരാറുകള്‍ക്കു പിന്നാലെ ഇന്ത്യയും യുഎഇയും വ്യോമയാനരംഗത്തു സഹകരണം ശക്തമാക്കുന്നു.
ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രക്കാരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് ധാരണ. ഇതുസംബന്ധിച്ച് ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ.അഹമ്മദ് അല്‍ ബന്നയും കേന്ദ്ര സിവില്‍ വ്യോമയാനമന്ത്രി പി.അശോക് ഗജപതിരാജുവും ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഒട്ടേറെ ഇന്ത്യക്കാര്‍ യുഎഇയില്‍ ജോലി ചെയ്യുന്നതിനു പുറമെ ഇന്ത്യയിലേക്കു യാത്രചെയ്യുന്ന യുഎഇ സ്വദേശികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പുതിയ കരാറുകള്‍ രൂപംകൊള്ളുമെന്നു പ്രതീക്ഷിക്കുന്നു.
ലോകത്തിലെ ഏറ്റവും തിരക്കേറിയതും ലാഭകരവുമാണ് യുഎഇ-ഇന്ത്യ റൂട്ടെന്ന് ഡോ.അഹമ്മദ് അല്‍ ബന്ന പറഞ്ഞു. വിമാനസര്‍വീസുകളുടെ കാര്യത്തില്‍ നിലവില്‍ ദുബായ്, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ എമിറേറ്റുകള്‍ ഇന്ത്യയുമായി ഒരു കരാറും നാലുകാര്യങ്ങളില്‍ ധാരണാപത്രവും ഒപ്പുവച്ചിട്ടുണ്ട്. ഇതു കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കും. ആഴ്ചയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഒരു ദിശയില്‍ മാത്രം 131,741 പേര്‍ യാത്രചെയ്യുന്നതായാണു കണക്ക്.
ദുബായ് 62500, അബുദാബി 50,000, ഷാര്‍ജ 17841, റാസല്‍ഖൈമ 1400 എന്നിങ്ങനെ. കൂടുതല്‍ സീറ്റുകള്‍ അനിവാര്യമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ചൂണ്ടിക്കാട്ടി.
സംയുക്ത വ്യോമഗതാഗത കരാറിനെക്കുറിച്ച് സമീപഭാവിയില്‍ ഇരുരാജ്യങ്ങളുടെയും സിവില്‍ വ്യോമയാന വകുപ്പുകള്‍ കൂടിക്കാഴ്ച നടത്തും. കരാര്‍ യാഥാര്‍ഥ്യമായാല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും.
Post Your Comments