ലോകത്തെ ഞെട്ടിക്കുന്ന ചില വസ്തുതകള്‍ നിരത്തി ശാസ്ത്രലോകം. മനുഷ്യ ജീവന് ഭീഷണിയായി മാറുന്ന കൊലയാളി വൈറസുകള്‍ വ്യാപിക്കുന്നതായാണ് ശാസത്രലോകത്തിന്റെ കണ്ടെത്തല്‍. മനുഷ്യകുലത്തിന്റെ പ്രാരംഭം മുതല്‍ തന്നെ നിലനില്‍പ്പിനായി സൂക്ഷ്മജീവികളുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ് മനുഷ്യന്. പച്ചിലകളും നാടന്വൈദ്യവുമാണ് അന്ന് ആന്റിബയോട്ടിക്കുകളും മരുന്നുകളും. ഇന്നത് രാസപദാര്‍ഥങ്ങളുടെ മിശ്രിതങ്ങളായി. എന്നാല്‍ എല്ലാവിധ സൂക്ഷ്മജീവികളെയും നശിപ്പിക്കാന്‍ സാധിക്കുന്ന ഒരു മരുന്നും ഇതുവരെ മനുഷ്യനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
വൈറസുകളും ബാക്ടീരിയകളും അനിയന്ത്രിതമായി ഭൂമിയില്‍ വ്യാപിച്ചാല്‍ മനുഷ്യകുലം തന്നെ ഉന്മൂലനം ചെയ്യപ്പെടുമെന്നതില്‍ സംശയമില്ല. അത്രയും ഭയാനകമായ വൈറസുകളും ബാക്ടീരിയകളും ഉണ്ടാവുമോയെന്ന ചോദ്യങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത്.
പെര്‍മാഫ്രോസ്റ്റ് – വൈറസുകളുടെയും ബാക്ടീരിയകളുടെയും സംരക്ഷണവലയം
ഉത്തരധ്രുവങ്ങളിലെ മഞ്ഞുപാളികള്‍ക്കടിയില്‍ കാണപ്പെടുന്ന ഉറച്ച ചെളിയാണ് പെര്‍മാഫ്രോസ്റ്റ്. സാധാരണ മണ്ണുകളെയും ചളികളെയും അപേക്ഷിച്ച് ഏറെകട്ടിയുള്ളതും ഓക്സിജന്റെ അളവ് തീരെയില്ലാത്തതുമായ ഇത്തരം മണ്ണുകള്‍ക്ക് മനുഷ്യകുലത്തെ ഭൂമിയില്‍നിന്ന് ഉന്മൂലനം ചെയ്യാന്‍ സാധിക്കുമ്രേത. അത്രയേറെ ദുരൂഹതയാണ് ഇവയ്ക്കുള്ളില്‍. പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമിയിലുണ്ടായിരുന്ന അതിഭയാനകമായ വൈറസുകളം ബാക്ടീരിയകളും ഇത്തരം പെര്‍മാഫ്രോസ്റ്റ് മണ്ണിനുള്ളില്‍ കഴിയുന്നുണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. പെര്മാഫ്രസ്റ്റുകള്ക്കിടയില് ഓക്സിജനില്ലാത്തതിനാല്‍ പണ്ടുകാലത്തെ വൈറസുകളും ബാക്ടീരിയകളും സുരക്ഷിതമായി കഴിയുന്നുണ്ടെന്നാണ് കരുതുന്നത്. ഒരുപക്ഷേ പൂര്‍വകാലത്തുണ്ടായിരുന്ന ദിനോസറുകളടക്കമുള്ള ജീവജന്തുക്കള് ഭൂമിയില്‍നിന്ന് ഉന്മൂലനം ചെയ്യപ്പെട്ടത് ഇത്തരം വൈറസുകള്‍ കാരണമാണെങ്കില്‍… ആ വൈറസുകള്‍ ഇന്നും ഇവിടെയുണ്ടെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.
ആന്ത്രാക്സ് ബീജകോശം
പെര്‍മാഫ്രോസ്റ്റ് മണ്ണുകള്‍ അത്തരം വൈറസുകള്‍ക്ക് അനുയോജ്യമായ കാലാവസ്ഥ നല്‍കും. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ സൈബീരിയയില്‍ ആന്ത്രാക്സ് ബാധിച്ച് 12 വയസുള്ള ബാലന് മരണപ്പെടുകയും പ്രദേശവാസികളായ 20 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തിരുന്നു. കൂടാതെ 2000 റെയിന്‍ ഡിയറുകളും ചത്തിരുന്നു. അന്നുണ്ടായിരുന്ന ആന്ത്രാക്സ് ബാധയുടെ കാരണങ്ങള്‍ വിരല്‍ ചൂണ്ടുന്നതും ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകളിലേക്കാണ്. ആന്ത്രാക്സിന് കാരണമായ ബാക്ടീരിയകള്‍ അവിടത്തെ പെര്‍മാഫ്രോസ്റ്റ് മണ്ണിനുള്ളില്നിന്നു ഭൂമിയിലേക്കു കടന്നാണ് രോഗം ബാധിച്ചതെന്നു ശാസ്ത്രം പറയുന്നത്. ഓക്സിജന്‍ ഇല്ലാത്തതിനാല്‍ വൈറസുകളും ബാക്ടീരിയകളും പെര്‍മാഫ്രോസ്റ്റിനുള്ളില്‍ സുരക്ഷിതരാണെന്നു ഫ്രാന്‍സിലെ ഐക്സ് മാര്‍സെല്ലി യൂണിവേഴ്സിറ്റിയിലെ പരിണാമജീവ ശാസ്ത്രജ്ഞന് ജീന്‍ സൈക്കിള്‍ ക്ലാവേറി പറയുന്നു.
2014ല്‍ ക്ലവേറിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ 30000 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന രണ്ടു ഭീമന് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പിത്തോവോറസ്, സൈബര്‍കോം എന്നറിയപ്പെടുന്ന ഈ വൈറസുകള്‍ സാധാരണ മൈക്രോസ്കോപ്പില്‍ കാണാന്‍ സാധിക്കുന്നതായിരുന്നു.
ചൂടു കൂടുന്നു, വൈറസ് പെരുകുന്നു
പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്നു കഴിഞ്ഞദിവസം അമേരിക്ക പിന്മാറിയപ്പോള് കൂടുതലായും ചര്‍ച്ച ചെയ്യപ്പെട്ടതാണ് ആഗോളതാപന നിയന്ത്രണത്തിന്റെ ഭാവി. വ്യാവസായികമായും സാമ്പത്തികമായും മുന്നേറാനുള്ള രാജ്യങ്ങളുടെ മത്സരത്തില്‍ ഇത്തരം ചര്‍ച്ചകള്‍ കാര്യമായി പ്രതിഫലിക്കാറില്ലെന്നതാണ് വസ്തുത. പക്ഷേ ഇതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ബോധവാന്മാരാവുകയാണെങ്കില് നാം ആഗോളതാപനം കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നതില്‍ സംശയമില്ല.
ഉത്തരധ്രുവങ്ങളില്‍ കാണപ്പെടുന്ന റെയിന്‍ഡിയര്‍
ആഗോളതാപനം കടല്‍നിരപ്പ് കൂട്ടുമെന്നും വെള്ളപ്പൊക്കത്തിനു കാരണമാകുമെന്നും ഏവരും മനസിലാക്കിയെങ്കിലും അതിനേക്കാള്‍ ഭയാനകമായ വിപത്തുകള്‍ വരാനിരിക്കുന്നു എന്നു മനസിലാക്കണം. ഒരിക്കല്‍ ഭൂമിയിലുണ്ടായിരുന്ന പലമാരക വ്യാധികളും ആഗോളതാപനം വഴി വീണ്ടും തിരിച്ചെത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പെര്‍മാഫ്രോസ്റ്റ് മണ്ണിനുള്ളില്‍ അകപ്പെട്ട മാരകമായ പല വൈറസുകളും ബാക്ടീരിയകളും ഭൂമിയില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. സാധാരണയായി ധ്രുവപ്രദേശങ്ങളില്‍ ഉഷ്ണകാലങ്ങളില്‍ അന്‍പതു സെന്റിമീറ്റര്‍ മഞ്ഞാണ് ഉരുകാറുള്ളത്. എന്നാല്‍ ആഗോളതാപനം കൂടുന്നത് മഞ്ഞു കൂടുതലായി ഉരുകാന്‍ കാരണമാവും. ഇതിന്റെ ഫലമായി മഞ്ഞുപാളികള്‍ക്കടിയിലെ പെര്‍മാഫ്രോസ്റ്റുകള്‍ ഉരുകും. അവയിലടങ്ങിയിരിക്കുന്ന പുരാതന വൈറസുകള്‍ പുറത്തുവരികയും ചെയ്യും. തണുത്തുറഞ്ഞ പെര്‍മാഫ്രോസ്റ്റുകളില്‍ ദശലക്ഷം വര്‍ഷങ്ങളോളം ബാക്ടീരിയകള്‍ നിലനില്‍ക്കുമെന്നിരിക്കെ വലിയൊരു വിപത്തായിരിക്കും മനുഷ്യസമൂഹം നേരിടേണ്ടി വരിക.
ലോകത്തിലെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് ആര്‍ട്ടിക് സര്‍ക്കിളിലെ താപനില അതിവേഗം കൂടുകയാണ്. ആഗോളതാപനത്തിന്റെ അളവു കൂടുന്നത് പെര്മാഫോസ്റ്റുകള് പുറത്തുവരാനുള്ള സാധ്യത കൂട്ടുകയാണെന്നും ഇതു പുരാതന പെര്മാഫ്രോസ്റ്റുകളെ പുറത്തെത്തിക്കുമെന്നും ക്ലാവേറി പറയുന്നു.
ഇത്തരം പുരാതന പെര്മാഫോസ്റ്റിനുള്ളില് മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന പാത്തോജെനിക് വൈറസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇവ പുറത്തു വന്നാല്‍ വിപത്തുകള്‍ വലുതായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ആന്ത്രാക്സ് ബാധിച്ച് പത്തു ലക്ഷത്തോളം റെയിന്‍ ഡിയറുകളാണ് ചത്തൊടുങ്ങിയത്. ഇവയില്‍ 7000 ശവശരീരങ്ങള്‍ വടക്കന്‍ റഷ്യയുടെ ഭാഗങ്ങളില്‍ ചിതറിക്കിടപ്പുണ്ട്. ഇവ വീണ്ടും ആന്ത്രാക്സ് പടരാന്‍ കാരണമായേക്കുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ നാസയിലെ ശാസ്ത്രജ്ഞര്‍ മെക്സിക്കോയിലെ ഖനിയില്‍ 10 മുതല്‍ 50,000 വര്‍ഷം പഴക്കമുള്ള സൂക്ഷ്മജീവികളെ കണ്ടെത്തിയിരുന്നു. ഇവയൊക്കെയും മനുഷ്യനെ വന്വിപത്തിലേക്കെത്തിക്കുമെന്നാണ് ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത്.
Post Your Comments