ശ്രീനഗർ: ഭീകരർക്കെതിരെ ആഞ്ഞടിക്കാൻ സുരക്ഷാസേനയ്ക്ക് നിർദേശം. ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ നടപടികൾ ശക്തമാക്കാനും ആഞ്ഞടിക്കാനും കേന്ദ്രം സുരക്ഷാസേനയ്ക്കു നിർദേശം നൽകി. അമർനാഥ് തീർഥാടകർ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഇത്തരം ഒരു നിർദേശം.
ജമ്മുവിൽ കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങ്ങും ഹൻസ്‍രാജ് ആഹിറും ക്യാംപ് ചെയ്യുകയാണ്. കേന്ദ്രമന്ത്രിമാർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഗവർണർ എൻ.എൻ.വോറ എന്നിവരുമായി ചർച്ച നടത്തി. കരസേനാമേധാവി ബിപിൻ റാവത്ത്, സിആർപിഎഫ് ഡിജിപി ആർ.ആർ.ഭട്നാഗർ എന്നിവരുമായും ഇവർ ചർച്ച നടത്തി.
ജമ്മു കശ്മീരിൽ ഭീകരവാദം അതിന്റെ അവസാനഘട്ടത്തിലാണ്. ഏതാനും ദിവസങ്ങൾക്കോ മാസങ്ങൾക്കോ ഉള്ളിൽ അവയെ ഇല്ലാതാക്കുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഭീകരാക്രമണത്തിൽ ഏഴ് അമർനാഥ് തീർഥാടകർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഇന്ത്യുയുടെ പ്രധാന ഭാഗമാണ് ജമ്മു കശ്മീർ. ഭീകരതയില്ലാത്താക്കാൻ സാധാരണ ജനങ്ങളും സുരക്ഷാസേനയും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ വിഘടനവാദി നേതാക്കളെയും മന്ത്രി കുറ്റപ്പെടുത്തി. സ്വന്തം മക്കളെ സുരക്ഷിത കേന്ദ്രങ്ങളിൽ ഒളിപ്പിച്ചതിനുശേഷമാണ് ഇത്തരം നേതാക്കൾ സാധാരണ കുട്ടികളെ അക്രമത്തിലേക്ക് തള്ളിവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments