KeralaLatest NewsNews

തെറ്റായ പ്രചാരണം പാടില്ല : ആക്രമത്തിനു ഇരയായ നടി

തെറ്റായ പ്രചാരണം പാടില്ലെന്ന് അഭിപ്രായപ്പെട്ട് ആക്രമണത്തിനു ഇരയായ നടി രംഗത്ത്. ദിലീപുമായി വസ്തു,പണ ഇടപാടുകൾ ഇല്ലെന്ന് ആക്രമത്തിനു ഇരയായ നടി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. വ്യക്തിവിരോധത്തിന്റെ പേരിൽ ആരെയും പ്രതിയാക്കാൻ ശ്രമിച്ചിട്ടില്ല. പോലീസിനോട് ആരെയുടെയും പേര് പറഞ്ഞിട്ടില്ല. ഒരു കുറ്റവാളിയും രക്ഷപ്പെടാൻ പാടില്ല. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ താൻ പോസ്റ്റ് ചെയ്തതല്ലെന്നും നടി വ്യക്തമാക്കി.

നടിയുടെ വാർത്താക്കുറിപ്പിന്റെ പൂർണരൂപം

സുഹൃത്തുക്കളെ…

ഒരു ചാനലിൽ വന്നിരുന്ന് സംസാരിക്കുവാനുള്ള മാനസികാവസ്ഥ ഇപ്പോൾ ഇല്ലാത്തതുകൊണ്ട് മാത്രമാണ് പിന്നെയും ഇങ്ങിനെ ഒരു കുറിപ്പെഴുതേണ്ടി വന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് വളരെ നിർഭാഗ്യകരമായ ഒരവസ്ഥയിലൂടെ എനിക്ക് കടന്നുപോകേണ്ടി വന്നു. അത് ഞാൻ സത്യസന്ധതയോടെ കേരള പൊലീസിനെ അറിയിക്കുകയും അതിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ നടന്ന ചില സംഭവങ്ങൾ നിങ്ങളോരോരുത്തരേയും പോലെ ഞെട്ടലോടെയാണ് ഞാനും കണ്ടത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലോ മറ്റൊന്നിന്റെയും പേരിലോ ഞാനൊരാളെയും പ്രതിയാക്കാൻ എവിടെയും ശ്രമിച്ചിട്ടില്ല. ഒരു പേരുപോലും എവിടെയും സൂചിപ്പിച്ചിട്ടില്ല. ഇത് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്. ഈ നടന്റെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ച ഒരു വ്യക്തിയാണ് ഞാൻ. ഞങ്ങൾ തമ്മിൽ പിന്നീട് ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ആ സൗഹൃദം പിന്നീടില്ലാതാകുകയും ചെയ്തത് വാസ്തവം തന്നെ.

ആ വ്യക്തിയുടെ അറസ്റ്റുമായുള്ള വിവരങ്ങൾ അന്വേഷിച്ചപ്പോഴും തെളിവുകളെല്ലാം ആ വ്യക്തിക്ക് എതിരാണ് എന്നാണ് മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയാൻ കഴിഞ്ഞത്. തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നുണ്ടെങ്കിൽ അതെത്രയും പെട്ടെന്ന് പുറത്തുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതും തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അതും എത്രയും പെട്ടെന്ന് തെളിയട്ടെ.

നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. ഈ സംഭവം നടന്നതിൽ പിന്നെ കേട്ടുകൊണ്ടിരിക്കുന്ന മറ്റൊരുകാര്യം ഞാനും ഈ നടനും തമ്മിൽ വസ്തു ഇടപാടുകൾ ഉണ്ടെന്നുള്ളതാണ്. അങ്ങിനെ ഒരു തരത്തിലുള്ള വസ്തു ഇടപാടുകളോ പണമിടപാടുകളോ ഞങ്ങൾ തമ്മിലില്ല. ഇത് ഞാൻ മുൻപ് പറയാതിരുന്നത് എന്താണെന്ന ചോദ്യമുണ്ടെങ്കിൽ അതിനുള്ള ഉത്തരം അതിൽ ഒരു സത്യാവസ്ഥയും ഇല്ലാത്തതുകൊണ്ട് ആ വാർത്ത സ്വയം ഇല്ലാതാകുമെന്ന് കരുതിയതുകൊണ്ടാണ്. ഇപ്പോഴും അത് പ്രചരിക്കുന്നതായി കാണുന്നതു കൊണ്ടു പറയണമെന്നു തോന്നി. ഇത് അന്വേഷണോദ്യോഗസ്ഥർക്ക് അന്വേഷിച്ചു തൃപ്തിപ്പെട്ടാൽ മതി.

അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമർപ്പിക്കാൻ തയ്യാറുമാണ്. സമൂഹമാധ്യങ്ങളിൽ ഞാനില്ലാത്തതുകൊണ്ട് എന്റെ പേരിൽ പ്രചരിക്കുന്ന ഒാരോ വിഡിയോകളും അക്കൗണ്ടുകളും എന്റെ അറിവോടെയല്ല എന്ന് കൂടി ഞാൻ വ്യക്തമാക്കുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നും ആത്മാർഥതയോടെ ആഗ്രഹിക്കുന്നു പ്രാർഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button