ജിതിൻ ജേക്കബ്
മലയാള സിനിമയിലെ നടീ- നടന്മാർ ക്യാമറക്കു മുമ്പിൽ മാത്രമല്ല ജീവിതത്തിലും മികച്ച അഭിനേതാക്കളാണെന്നു കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടതാണ്. ഇന്നസെന്റിന്റെ പൊട്ടൻകളി, മുകേഷിന്റെ ആക്രോശം, ഗണേഷ് കുമാറിന്റെ വൈകാരിക പ്രതികരണം, മെഗാ സ്റ്റാറുകളുടെ മൗനം….ദിലീപ് വളരെ നല്ല ആളാണെന്നും നന്മയുള്ളവനാണെന്നുമൊക്കെ പറഞ്ഞ അതെ ആളുകൾ ഒറ്റ രാത്രികൊണ്ട് മലക്കം മറിയുന്ന കാഴ്ച ഇവരുടെയൊക്കെ കപടമുഖം തുറന്നുകാട്ടുന്നതാണ്.
“അമ്മയുടെ” വിവാദമായ വാർത്ത സമ്മേളനം നമ്മുടെ മഹാന്മാരായ നടീ നടന്മാർക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല. അതിൽ നിന്നുണ്ടായ ക്ഷീണം മറികടക്കാൻ ഇപ്പോൾ എല്ലാ താരങ്ങളും മെയ്ക് അപ്പ് ഉപയോഗിക്കാതെ ചാനൽ ക്യാമറകൾക്ക് മുമ്പിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിക്കുന്നു, ദിലീപിനെ വെറും 5 മിനിറ്റു കൊണ്ട് സംഘടനയിൽ നിന്ന് പുറത്താക്കുന്നു, ഇത്രയും ഒരു ക്രിമിനൽ തങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നോ എന്നൊക്കെ അത്ഭുതത്തോടെ ചാനൽ ക്യാമറകൾക്ക് മുമ്പിൽ വിളമ്പുന്നു, ദിലീപിന് നിന്ന് ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചില്ല എന്നൊക്കെ മെഗാ താരങ്ങൾ വരെ പ്രതികരിക്കുന്നു.
ദിലീപ് എന്ന “ക്രിമിനൽ” അകത്തായതോടെ മലയാള സിനിമ മൊത്തം ക്ളീൻ ആയല്ലോ എന്നോർത്ത് എല്ലാവര്ക്കും സന്തോഷിക്കാം. ദിലീപായിരുന്നു ഇക്കാലമത്രയും മലയാള സിനിമയെ പിന്നോട്ട് അടിച്ചിരുന്നത്. ദിലീപ് സിനിമയിൽ വന്നതിനു ശേഷം ഒരു പുതുമുഖ നായകരും മലയാളത്തിൽ ഉണ്ടായിട്ടുമില്ല, ഒരു പുതുമുഖനായകരുടെയും പടങ്ങൾ വിജയിച്ചിട്ടുമില്ല അല്ലെ?
ദിലീപ് ക്രിമിനൽ ആണെങ്കിൽ അതിലും വലിയ ക്രിമിനലുകൾ തന്നെയാണ് ദിലീപിനെതിരെ ഇപ്പോൾ ഉറഞ്ഞു തുള്ളുന്നത്.
ഇന്നലെ വരെ ദിലീപിനെ മഹാനെന്നു വാഴ്ത്തിയ ആളുകൾ ഇന്ന് ദിലീപിനെ തള്ളിപ്പറയുന്നു. നാളെ കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയാലോ? അപ്പോൾ ഇക്കൂട്ടർ എന്ത് പറയും എന്ന് കാത്തിരുന്നു കാണാം.2013 മുതൽ പൾസർ സുനിക്ക് ദിലീപിനെ അറിയാം എന്ന് പോലീസ് പറയുന്നു. അതിനു ശേഷം ഈ സുനി മുകേഷിന്റെ ഡ്രൈവർ ആയിരുന്നു എന്നോർക്കണം.
ഈ കേസിൽ ഏറ്റവും വലിയ വഴിത്തിരിവ് എന്നത് “അമ്മയുടെ” വാർത്ത സമ്മേളനം ആയിരുന്നു. ആ ഒറ്റ വാർത്ത സമ്മേളനം കഴിഞ്ഞപ്പോൾ അന്നുവരെ ദിലീപിനെ പിന്തുണച്ചിരുന്നവർ പോലും ദിലീപിനെതിരായി.
സർക്കാരും പ്രതിരോധത്തിലായി. ദിലീപിനെ അറസ്റ്റ് ചെയ്താൽ ഉണ്ടാകുന്ന എതിർസ്വരങ്ങൾ നാമമാത്രമായിരിക്കും എന്ന് ഉറപ്പാണ്. കാരണം ദിലീപ് കുറ്റക്കാരനാണെന്നു പോലീസും, മാധ്യമങ്ങളും, പൊതുസമൂഹവും അംഗീകരിച്ചു കഴിഞ്ഞു.പക്ഷെ ദിലീപിനെ അറസ്റ്റ് ചെയ്യാതെ വന്നാൽ കേസ് സിബിഐ ക്കു എങ്ങാനും കൈമാറിയാൽ തകരുക മെഗാ സ്റ്റാറുകൾ ഉൾപ്പെടെയുള്ളവരുടെ സാമ്രജ്യങ്ങളായിരിക്കും എന്ന് തീർച്ച. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് ഈ ആക്രമണത്തിൽ കലാശിച്ചത് എന്ന പോലീസ് റിപ്പോർട്ട് ഒത്തിരി ആളുകളെ രക്ഷിക്കാനുള്ളത് മാത്രമാണ്.
സിബിഐ കേസ് അന്വേഷണം ഏറ്റടുത്താൽ സാമ്പത്തീക തിരിമറികളെക്കുറിച്ചുള്ള അന്വേഷണത്തിലേക്കു കാര്യങ്ങൾ മാറും. ഇൻകം ടാക്സ് ഉം, എൻഫോഴ്സ്മെന്റും ഒക്കെ ഇടപെട്ടാൽ ബിനാമി ഇടപാടുകൾ അടക്കമുള്ള പല കള്ളത്തരങ്ങളും പുറത്തു വരും.
അതിലുമൊക്കെ നല്ലതല്ലേ ദിലീപിനെ അറസ്റ്റ് ചെയ്തു കേസ് അവസാനിപ്പിക്കുന്നത്? ദിലീപിനെ അറസ്റ്റ് ചെയ്താൽ പിന്നെ സിബിഐ അന്വേഷണം എന്ന മുറവിളി ഉണ്ടാകില്ല എന്ന് എല്ലാവർക്കുമറിയാം.പ്രതിച്ഛായയും സാമ്പത്തീക സുരക്ഷിതത്വവുമാണല്ലോ എല്ലാ താരങ്ങളുടെയും ഏറ്റവും വലിയ സമ്പാദ്യം.
വ്യക്തിവൈരാഗ്യായത്തിന്റെ പുറത്തു ദിലീപ് എല്ലാം ചെയ്തു എന്നുപറഞ്ഞു അവസാനിപ്പിക്കുന്നതാണ് മലയാള സിനിമയ്ക്കു നല്ലതു. കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാൽ പല താരങ്ങളും ഇത്രയും നാൾ നേടിയതൊക്കെ വെള്ളത്തിലാകും.അതുകൊണ്ടു ദിലീപ് മാത്രമായിരുന്നു മലയാള സിനിമയിലെ ക്രിമിനൽ എന്ന രീതിയിൽ തന്നെ മുമ്പോട്ടു പോകാം. ദിലീപിനെ അകത്താക്കിയതോടെ മലയാള സിനിമയും രക്ഷപെട്ടു. ഇനി വരുന്ന നാളുകളാണ് മലയാള സിനിമയുടെ വസന്തം..
Post Your Comments