
ടെലികോം രംഗത്തെ ഞെട്ടിച്ച ജിയോയുടെ പുതിയ വിപ്ലവ ദൗത്യവും വിപണിയിൽ എത്തുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇനി അവതരിപ്പിക്കുന്നത് ജിയോ ഫൈബർ ബ്രോഡ്ബാൻഡാണ്. ഇതും അതിവേഗം വിപണി പിടിച്ചടക്കും എന്നാണ് പ്രതീക്ഷപ്പെടുന്നത്. ജിയോ ഫൈബറുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ഇപ്പോള്‍ പുറത്തായി.
സിനിമയും ഗെയിമുമൊക്കെ ഡൗൺലോഡ് ചെയ്യാൻ സെക്കൻഡുകൾ മതി ജിയോ ജിഗാ ഫൈബർ സർവീസിൽ. റിലയൻസ് ജിയോ ജിഗാ ഫൈബർ സർവീസ് 100 നഗരങ്ങളിലേക്ക് എത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോള്‍ പുറത്തായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സെപ്റ്റംബറിൽ തന്നെ ജിയോ ഫൈബർ ഔദ്യോഗികമായി അവതരിപ്പിക്കും.
ആദ്യ മൂന്ന് മാസം സര്‍വീസ് സൗജന്യമായിരിക്കും. നിബന്ധനകൾക്ക് വിധേയമായിട്ടാണ് ബ്രോഡ്ബാൻഡ് സേവനം നൽകുക. മാസം 100 ജിബി ഡേറ്റ 100 എംബിപിഎസ് വേഗതയിലാണ് ഡേറ്റാ ലഭിക്കുക. അതായത് മൂന്നു മാസത്തേക്ക് 300 ജിബി ഡേറ്റ ഫ്രീയായി ഉപയോഗിക്കാം.
പക്ഷേ ജിയോ ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭിക്കാൻ 4500 രൂപ നൽകണം. ഇതു തിരിച്ചു കിട്ടുന്ന തുകയാണ്. ജിയോയുടെ തന്നെ പ്രത്യേകം റൗട്ടർ വാങ്ങിയാൽ മാത്രമേ ജിയോ ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭിക്കൂ. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത ചില നഗരങ്ങളിൽ മാത്രമാണ് ഈ സേവനം റിലയൻസ് ജിയോ അവതരിപ്പിക്കുന്നത്.
ജിയോ ഫൈബർ ബ്രോഡ്ബാൻഡ് വരുന്നതോടെ ഇന്ത്യയിൽ നിലവിലുള്ള രണ്ടു കോടി വയർലൈൻ ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുതിച്ച് ചാട്ടത്തിനു കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.
Post Your Comments