Latest NewsKeralaNews

നഴ്സുമാർക്കെതിരെ പ്രതികാര നടപടിയുമായി ആശുപത്രി അധികൃതർ

കാസർകോട് : ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്സുമാർക്കെതിരെ പ്രതികാര നടപടിയുമായി ആശുപത്രി അധികൃതർ രംഗത്ത്. സ്വകാര്യ ആശുപത്രിയിലെ ആറ് നഴ്സുമാരാണ് ആശുപത്രി അധികൃതരുടെ പ്രതികാര നടപടിക്ക് ഇരയായത്. ആശുപത്രി അധികൃതർ ഇവരെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. കാസർകോട്ടെ അരമന ആശുപത്രിയിലെ നഴ്സുമാരായ ഉഷ, ലത, ശ്രീജ, സുചിത്ര, ലിയ, പ്രിൻസി എന്നിവരെയാണ് പുറത്താക്കിയത്.
അരമന ആശുപത്രിയുടെ ഹോസ്റ്റലിലെ നോട്ടിസ് ബോർഡിലാണ് ഇതു സംബന്ധിച്ച നിർദേശം ആശുപത്രി അധികൃതർ നൽകിയത്. ഹോസ്റ്റലിന്റെ സമയക്രമങ്ങൾ തുടർച്ചയായി പാലിക്കാത്തതിനാൽ ഹോസ്റ്റൽ ഒഴിയണമെന്നായിരുന്നു നിർദേശം. പക്ഷേ അനൗദ്യോഗികമായി സമരത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടുവെന്നും ഇല്ലെങ്കിൽ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്നു ഭീഷണിപ്പെടുത്തിയെന്നും നഴ്സുമാരിൽ ചിലർ പറഞ്ഞു. ജോലിയിൽ നിന്നും ഇവരെ പുറത്താക്കിയെന്നാണ് നഴ്സുമാർ പറയുന്നത്. ഹോസ്റ്റൽ നിയമങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്നാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സമരം ചെയ്യുന്ന നഴ്സുമാർ അറിയിച്ചിരുന്നു. അത്യാഹിത വിഭാഗം ഒഴികെയുള്ള മുഴുവൻ മേഖലയിലും പണിമുടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button