കൊച്ചി: ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. നടിയെ അക്രമിച്ച കേസിന്റെ അന്വേഷണം ദിലീപിന്റേതടക്കമുള്ള സിനിമാരംഗത്തെ സാമ്പത്തിക ഇടപാടുകളിലേക്കും. പോലീസ് കണ്ടെത്തിയ നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി.
ദിലീപ് നിർമിച്ച സിനിമകൾ, റിയൽ എസ്റ്റേറ്റ്, മറ്റു ബിസിനസ് സംരംഭങ്ങൾ എന്നിവയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തും. ദിലീപിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിക്കും. ദിലീപിന്റെ പങ്ക് മലയാള സിനിമാ നിർമാണ രംഗത്തെ ബിനാമി കള്ളപ്പണ ഇടപാടുകളിൽ വ്യക്തമായ സാഹചര്യത്തിലാണ് ഇത്തരം ഒരു നീക്കം.
ദിലീപ് ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായും പോലീസിനു വിവരം ലഭിച്ചു. നടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിനിടയിലാണ് ദിലീപിന്റെ കണക്കിൽപെടാത്ത സ്വത്തു സംബന്ധിച്ച വിവരങ്ങൾ പോലീസിനു ലഭിച്ചത്.
കഴിഞ്ഞ പത്തു വർഷത്തിനിടെ ദിലീപ് നേതൃത്വം നൽകിയ വിദേശ സ്റ്റേജ് ഷോകൾ, വൻകിട റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, കേസിലെ മുഖ്യപ്രതി സുനിൽകുമാർ പങ്കാളിയാണെന്നു കരുതുന്ന ദുബായ് മനുഷ്യക്കടത്ത് എന്നിവയിലും അന്വേഷണം നടക്കും. എന്നാൽ, കേരള പോലീസ് ഇപ്പോൾ നേരിട്ട് അന്വേഷിക്കുന്നതു നടിയെ ഉപദ്രവിച്ച കേസ് മാത്രമാണെന്നും സാമ്പത്തിക ഇടപാടു സംബന്ധിച്ചു ലഭ്യമാവുന്ന മറ്റു വിവരങ്ങൾ ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്കു കൈമാറുമെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
Post Your Comments