ടാറ്റായുടെ സുപ്രധാന മോഡലായ സഫാരി ഡികോര്‍ എസ്.യു.വിയുടെ നിര്‍മാണം അവസാനിപ്പിച്ചതായി റിപ്പോർട്ട്. ഇതിന്റെ സൂചനയായി ടാറ്റയുടെ ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് സഫാരി ഡികോറിനെ ഒഴിവാക്കി. ടാറ്റയുടെ വിവിധ ഡീലര്‍ഷിപ്പുകളില്‍ സഫാരി ഡികോറിനുള്ള ബുക്കിങ് അവസാനിപ്പിച്ചതായും വിവരമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ടാറ്റ നൽകിയിട്ടില്ല. നിലവിൽ സഫാരി സ്‌റ്റോമിന്റെ വില്‍പ്പന കമ്പനി തുടരുന്നുണ്ട്. അടുത്തിടെ മാരുതി ജിപ്‌സിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ സൈനിക വാഹനനിരയിലേക്ക് സഫാരി സ്‌റ്റോമും ഇടംപിടിച്ചിരുന്നു.
സഫാരി ഡികോറിനു പുറമെ ഇന്‍ഡിക്ക, ഇന്‍ഡിഗോ ഇസിഎസ്(eCS) മോഡലുകളും വെബ്-സൈറ്റില്‍നിന്ന് പിൻവലിച്ചിട്ടുണ്ട്. എന്നാല്‍ ഇവ രണ്ടും വെബ്സൈറ്റില്‍ ഉടന്‍ ഉള്‍പ്പെടുത്തുമെന്നാണ് കമ്പനിയോട് അടുത്ത വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അടുത്തിടെ വിപണിയിലെത്തിയ ടിഗോര്‍, ടിയാഗോ മോഡലുകളുടെ വരവോടെ വില്‍പ്പന ഗണ്യമായി കുറഞ്ഞ ഇന്‍ഡിക്ക, ഇന്‍ഡിഗോ ഇസിഎസ്(eCS) മോഡലുകളുടെ നിര്‍മാണം ടാറ്റ അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
Post Your Comments