ശ്രീനഗര്‍: കാശ്മീരിലെ അനന്തനാഗില്‍ അമര്‍നാഥ് യാത്രക്കു പോയ തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം. ഭീകരരാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ പരിക്കേല്‍ക്കുകയും ചെയ്തു. രാത്രിയിലാണ് അനന്തനാഗില്‍ വെച്ച് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം നടന്നത്. രണ്ടു പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചതെന്ന് പൊലീസ് ഐജി മുനീര്‍ ഖാന്‍ പറഞ്ഞു
.പൊലീസ് സംഘത്തിനു നേരെ അക്രമണം നടത്താന്‍ പദ്ധതിയിട്ട ഭീകരരാണ് തീര്‍ത്ഥാടകരെ അക്രമിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. ഗുജറാത്തില്‍നിന്നുള്ള തീര്‍ഥാടകരാണ് ആക്രമണത്തിന് ഇരയായത്. 20 തീര്‍ഥാടകരുമായി ബാര്‍ത്താലില്‍നിന്ന് മിര്‍ ബസാറിലേക്കു പോകുകയായിരുന്ന ഇവര്‍. അക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. അക്രമണം രാജ്യത്തിനു വലിയ വേദനയാണ് ഉണ്ടാക്കിയെന്നും തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം തുടരും എന്നും പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. സംഭവത്തെ അപലപിച്ച് ഒമര്‍ അബദുള്ള രംഗത്ത് എത്തി.
ഭീകരവാദത്തെ സര്‍ക്കാര്‍ സഹിക്കില്ലെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. അക്രമണത്തെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഘര്‍ഷം കണക്കില്‍ എടുത്ത് കാശ്മീരില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. താഴ്‌വരയിലെ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.
ഹിസ്ബുല്‍ മുജാഹിദ്ദീന്‍, ലഷ്‌കറെ തോയിബ എന്നീ ഭീകരസംഘടനകള്‍ സംയുക്തമായി നടത്തിയ ആക്രമണമാണിതെന്നാണ് വിവരം. മൂന്നു പേരാണ് ആക്രമണം നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Post Your Comments